12/22/2008

മണ്ടന്‍മാര്‍ ഷൊര്‍ണൂരില്‍


ഷൊര്‍ണൂര്‍ ഒരു ജങ്‌ഷനാണ്‌. പിണറായിക്കാരന്റെ കണ്ണൂരില്‍ നിന്നും മുഖ്യന്റെ ആലപ്പുഴയില്‍ നിന്നുമൊക്കെ വരുന്ന വണ്ടികള്‍ ഇവിടെയെത്തിയാലാണ്‌ അച്ചടക്കമില്ലായ്‌മ ശീലമാക്കിയ താടിക്കാരന്റെ സ്വന്തം പാലക്കാട്ടേക്കു തിരിയുക. അങ്ങനെ വരുമ്പോള്‍ ഇവര്‍ ഷൊര്‍ണൂരില്‍ വച്ച്‌ മുഖാമുഖം കാണുന്നുണ്ടെന്ന കാര്യത്തില്‍ കാരാട്ടങ്കിളാദികള്‍ക്ക്‌ നോ ഡൗട്ട്‌. പാര്‍ട്ടിയെ തകര്‍ക്കാന്‍ വര്‍ഗശത്രുക്കളില്‍ നിന്ന്‌ അച്ചാരം വാങ്ങിയിറങ്ങിയ നഗരസഭാ കുലംകുത്തികളുടെ പ്രത്യയശാസ്‌ത്ര പോരാട്ടങ്ങളുടെ വണ്ടി തിരിയുന്നത്‌ വടക്കോട്ടാണെന്നു വരുമ്പോഴാണ്‌ ചെങ്കൊടി കാണിച്ച്‌ നിര്‍ത്താന്‍ ചിലര്‍ ഒരുമ്പെടുന്നത്‌. എന്നിട്ടോ, വണ്ടി അതിന്റെ പാട്ടിന്‌ പോവും. പോണാല്‍ പോവും പോകട്ടുമാ. പക്ഷെ, ഈ വിമതശിരോമണികളുടെയെല്ലാം കണ്‍കണ്ട മാര്‍ക്‌സായ മുഖ്യനെത്തന്നെ രാജ്യ തലസ്ഥാനത്ത്‌ ഭീഷണി പോസ്‌റ്ററുകളുമായി സ്വീകരിച്ചാലോ? അപ്പോള്‍ കൊള്ളാത്തവരെ തള്ളേണ്ടിത്തന്നെ വരും. ഒരു കൂട്ടം മണ്ടന്‍മാര്‍ ചേര്‍ന്ന്‌ ഒണ്ടാക്കിയാല്‍ തകര്‍ന്നു പോവുന്നതല്ല ഈ വിപ്ലവ പ്രസ്ഥാനമെന്ന്‌ ഇടക്കിടെ ഓര്‍മിപ്പിക്കേണ്ടി വരുന്നതില്‍ കഷ്ടമുണ്ട്‌ട്ടോ. എടോ, വികസന സമിതിക്കാരാ താനേത്‌ നാട്ടുകാരനാടോ?

12/20/2008

വെരി ഇംപോര്‍ട്ടന്റ്‌ പൂച്ച


ജനാധിപത്യത്തിന്റെ മിനി ശ്രീകോവിലില്‍ പട്ടി സ്ഥലംപിടിച്ചതിന്റെ മൂന്നാംനാളിലാണെന്നു തോന്നുന്നു, പൂച്ചയുടെ ഉള്ളിലൊരു മോഹമുദിച്ചത്‌. ഇവന്‍മാരെ ഒന്നു മാന്തിപ്പൊളിക്കണം. പക്ഷെ ഫയലിരിക്കുന്നിടത്തു പൂച്ചയ്‌ക്കെന്തു കാര്യം എന്ന മട്ടിലായിരുന്നു ചില വി.ഐ.പികള്‍. എലിയെ പേടിച്ച്‌ മൂന്നാറിലെ ഇല്ലങ്ങള്‍ ഓരോന്നായി ചൂടാന്‍ ഭാരമേല്‍പ്പിക്കപ്പെട്ടതിന്റെ ചരിത്രം രോമത്തിനുള്ളില്‍ ഒളിപ്പിക്കുന്ന പൂച്ചയ്‌ക്കു നാലുകാലിലേ വീഴൂ എന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അതിനാലാവണം ഉള്ളില്‍ നാളേറെയായി കാച്ചിവച്ച പാല്‍ പുളിച്ചു തികട്ടി പുറത്തുചാടിച്ചത്‌. ഇതുകണ്ട സ്വന്തം യജമാനന്‍ പോലും വെറുത്തതിനാല്‍ പൂച്ച എലിയെ അനുകരിച്ചു മാളത്തിലൊളിക്കുമെന്നു തെറ്റിദ്ധരിച്ചവര്‍ക്കു തെറ്റി. ഇത്‌ ഒരു സുപ്രഭാതത്തില്‍ പുലി പൂച്ചയായി മാറിയതല്ല. കിളിരൂരില്‍ നിന്ന്‌ ഊരിപ്പോരാന്‍ കളിക്കുന്ന ചില ചെല്ലക്കിളികളെ കണ്ടു പഞ്ചപുച്ഛമടക്കുന്ന പൂച്ചപ്പോലിസുമല്ല. കഴുത്തില്‍ ഐ.എ.എസ്‌ എന്ന ബോര്‍ഡ്‌ വച്ചിട്ടില്ലെങ്കിലും നല്ല ഒന്നാന്തരം ഐ.എ.എസ്‌ പൂച്ച തന്നെയാണ്‌. ഓര്‍ത്തുകളിച്ചാല്‍ നന്ന്‌. വിരലുകള്‍ക്കിടയില്‍ ഒളിപ്പിച്ച കൂര്‍ത്ത നഖങ്ങള്‍ ആവശ്യത്തിനു മാത്രം പുറത്തെടുത്ത ശീലമേ ഉള്ളൂ. പണ്ടു നെപ്പോളിയന്റെ പോലും പേടി സ്വപ്‌നമായിരുന്നവരുടെ ഗണത്തിലാണിതിന്റെ സ്ഥാനം. മന്ത്രിക്കൊച്ചമ്മേ പൂച്ച പൂച്ച.

12/12/2008

'ഭൗ'മാന്യനായ പട്ടി അവര്‍കളേ..


നായയും പട്ടിയുമൊക്കെ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്നിറങ്ങി മലയാളിയുടെ സ്വീകരണമുറികളിലെ സ്ഥിരം സന്ദര്‍ശകരായെത്തിയിട്ട്‌ കാലമേറെയായിട്ടില്ല. വിശ്വവിഖ്യാതമായ നാക്കിനുടമയായ ഒരു മന്ത്രിപുംഗവനാണ്‌ അത്യാധുനിക കേരളത്തില്‍ പട്ടിപ്രയോഗത്തിനു തുടക്കമിട്ടതെന്നാണു പ്രതിപക്ഷ പക്ഷം. പട്ടിയുടെ കഴുത്തില്‍ ഐ.എ.എസ്‌ എന്നെഴുതി തൂക്കിയാല്‍ പട്ടി ഐ.എ.എസാവില്ല, സമ്മതിച്ചു. പക്ഷേ, ഒരു വിശ്വസാഹിത്യകാരിയോട്‌ അധികം കുരയ്‌ക്കേണ്ട എന്നൊക്കെപ്പറഞ്ഞാല്‍... അതോടെ സധാകുരന്‍ എന്ന ചീത്തപ്പേരും അങ്ങേര്‍ക്കുകിട്ടി. `....ന്റെ മോനെ' എന്നു വിളിച്ചാലാണു കുഴപ്പമെന്നും `ശുനകപുത്രാ' എന്ന്‌ അഭിസംബോധന ചെയ്യുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു ആസ്ഥാന ബു.ജിയുടെ ഉപദേശം. കാര്യം ഏതൊരുത്തന്റെയും മുഖത്ത്‌ നോക്കി പറയുകയും വേണം. ഇപ്പോഴിതാ എവിടെ നിന്നോ ഒരു കുര കേട്ടപോലെ. ഒരുപക്ഷേ ആരെങ്കിലും ചുമച്ചതായിരിക്കാം. ഇനി കുരച്ചതാണെങ്കില്‍ തന്നെ കടിക്കില്ലെന്നോര്‍ത്ത്‌ സമാധാനിക്കുകയും ചെയ്യാം. എവിടെപ്പോയാലും നക്കിയേ കുടിക്കൂ എന്നു തെളിയിക്കുന്ന ചിലരുടെ പ്രതികരണങ്ങളും വാലുപോലെയെത്തി. അപ്പാടെ മോങ്ങാനിരുന്ന ആരുടെയോ തലയില്‍ തേങ്ങ വീണ മയം. പറഞ്ഞ ആളു പോട്ടെ, ഇരിക്കുന്ന ചെയറെങ്കിലും പരിഗണിച്ചു വേണ്ടേ കഴുത്തില്‍ ബോര്‍ഡ്‌ തൂക്കി നഗരം ചുറ്റിക്കാന്‍. പന്തീരായിരം കൊല്ലം കുഴലിലിട്ടാലും നിവരാത്ത വാലാണ്‌ ഇത്തരക്കാര്‍ക്ക്‌ വച്ചുപിടിപ്പിച്ചിരിക്കുന്നതെന്നതിനാല്‍ ഉപദേശിച്ചു നന്നാക്കാനാവുമെന്ന തോന്നലുവേണ്ട. നല്ലത്‌ ആര്‍ക്കോ പറ്റില്ലെന്നൊരു ചൊല്ലുമുണ്ടല്ലോ.

11/28/2008

മരിപ്പിക്കലിനെ സ്‌മരിപ്പിക്കുന്ന `ലൗ'കിക ചിന്താഗതികള്‍


പ്രണയവും മരണവും ഭീഷണിയും തമ്മില്‍ ബന്ധമുണ്ടോ? പ്രണയസാഫല്യത്തിനായി കമിതാക്കള്‍ വീട്ടുകാരോടു തങ്ങള്‍ മരിക്കുമെന്നു ഭീഷണിപ്പെടുത്തുന്നു എന്നതൊഴിച്ചാല്‍... ഈ ചോദ്യം പ്രസക്തമാവാന്‍ കാരണമുണ്ട്‌. കഴിഞ്ഞ കുറച്ചുകാലമായി വധ-ബോംബ്‌ ഭീഷണിയുമായി ലഭിക്കുന്ന പല ഇ-മെയിലുകളും ചെന്നെത്തുന്നതു ഫീമെയിലുകളുമായുള്ള ബന്ധങ്ങളിലാണ്‌.ഓര്‍മയില്ലേ അക്‌ബര്‍രാജിനെ? രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കൊല്ലുമെന്നു കൊല്ലം ഒന്ന്‌ മുമ്പു ഭീഷണിമുഴക്കിയ നിരാശാകാമുകനെ? ഇ-മെയില്‍ എത്തേണ്ടിടത്ത്‌ എത്തിയ മുറയ്‌ക്ക്‌ അതിലെ ഭീകരാംശം കണ്ടെത്താന്‍ മഷിയിട്ടുനോക്കിയ നിയമപാലകര്‍ക്കു യുവാവ്‌ മാനസികരോഗിയാണെന്ന കണ്‍ക്ലൂഷനില്‍ എത്തിച്ചേരേണ്ടിവന്നു. ഈ അടുത്ത ദിവസം സോണിയാജിയെ ശരിപ്പെടുത്തുമെന്ന ഇ-മെയിലയച്ച അരുണ്‍സൂര്യക്കു പോലിസ്‌ ഉടന്‍ തന്നെ ഒരു സ്വഭാവ സര്‍ട്ടിഫിക്കറ്റുണ്ടാക്കി `ഗുഡ്‌' എന്നെഴുതിക്കൊടുത്തു. പ്രണയം പാളീസാവുമ്പോള്‍ പെണ്‍കുട്ടിക്കോ അച്ഛനോ ആങ്ങളമാര്‍ക്കോ ഭീഷണി അയച്ചുകൂടേ, പാവം പ്രതിഭാ പാട്ടീലിനെയും പച്ചപ്പാവം മന്‍മോഹന്‍സിങിനെയും എന്തിനു ബേജാറാക്കണം എന്നു ചോദിക്കാന്‍ എളുപ്പമുണ്ട്‌. ഇവര്‍ക്കൊക്കെ ഇതയച്ചാലല്ലേ തന്റെ സങ്കടങ്ങള്‍ നാലാളറിയൂ.പാലക്കാട്ടെ ഒരു പാസ്റ്ററുടെ ഭീഷണിക്കഥയില്‍ അല്‍പ്പം എരിവും പുളിയുമുണ്ട്‌. കുരിശിന്റെ വഴിവിട്ടു പ്രണയസാഫല്യത്തിന്റെ മാര്‍ഗത്തിലേക്കു സഞ്ചരിച്ച ഇയാള്‍ക്കു കൂട്ടായി കര്‍ത്താവിനെയും ഭര്‍ത്താവിനെയും മറന്ന്‌ ഒരു വീട്ടമ്മ എത്തി. തന്നെപ്പോലെ അയല്‍ക്കാരനെയും സ്‌നേഹിച്ചുവന്ന പാസ്റ്റര്‍ക്ക്‌ അന്യന്റെ മുതല്‍ ആഗ്രഹിക്കാന്‍ പാടില്ല എന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. പക്ഷേ, സ്വന്തം സുഹൃത്തിനെ ഒരിക്കലും അന്യനായി കാണാനാവില്ലല്ലോ. അതുകൊണ്ട്‌ തിരുവല്ലക്കാരനായ സുഹൃത്തിന്റെ ഭാര്യയുമായി പാസ്റ്റര്‍ ഉത്തര്‍പ്രദേശിലേക്ക്‌ ഒളിച്ചോടാന്‍ തീരുമാനിച്ചു.രണ്ടുവീതം കുട്ടികളുടെ മാതാപിതാക്കളായ രണ്ടുപേര്‍ക്കും എറണാകുളത്തെത്തിയപ്പോള്‍ വണ്ടി മിസ്സായി. ബോംബ്‌ ഭീഷണി മുഴക്കിയാല്‍ അടുത്ത സ്റ്റേഷനില്‍ വണ്ടി കുറേനേരം നിര്‍ത്തുമെന്നും അപ്പോള്‍ കയറിക്കൂടാമെന്നുമുള്ള അതിബുദ്ധിയാണ്‌ കാര്യങ്ങള്‍ കൈവിട്ടുപോവാന്‍ കാരണമാക്കിയത്‌.സര്‍ക്കാരിനോട്‌ ഒരഭ്യര്‍ഥനയുണ്ട്‌. 2011ല്‍ സെന്‍സസ്‌ എടുക്കുമ്പോള്‍ പ്രണയിക്കുന്നവരുടെ കണക്കുകൂടി എടുക്കാനുള്ള സെന്‍സ്‌ കാണിക്കണം. എങ്കില്‍ ഇനിയങ്ങോട്ട്‌ ആര്‍ക്കെങ്കിലും വധഭീഷണി വന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവും. ദിവസങ്ങളോളം പിറകെ നടന്നു വളച്ചെടുത്ത പെണ്ണ്‌ ഒരു പ്രഭാതത്തില്‍ കൈയൊഴിക്കുമ്പോഴുള്ള സങ്കടം കാണാന്‍ ഇവിടെ മാറിമാറി ഭരിച്ച മുന്നണികള്‍ ശ്രമിച്ചിട്ടുണ്ടോ?

11/09/2008

പിഴ, എന്റെ പിഴ, എന്റെ വലിയുടെ പിഴ!

നാട്ടിലെ ആണുങ്ങളുടെ വലി മുട്ടിക്കും എന്നതു ജീവിതലക്ഷ്യമാക്കി കൊണ്ടുനടക്കുന്നയാളാണ്‌ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ്‌. സ്വന്തം പാര്‍ട്ടിയിലെ വടംവലിയല്ല, സ്വന്തം രാജ്യത്തെ പുകവലിയാണ്‌ ഇതിയാനു പ്രധാന ഭീഷണി. അതുകൊണ്ടാണ്‌ നിശ്ചയിച്ച ദിവസം തന്നെ മന്ത്രി തന്റെ തീരുമാനം നടപ്പാക്കാനുള്ള ചങ്കുറപ്പു കാണിച്ചത്‌. ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍വച്ചു പുക ഉള്ളിലേക്കെടുത്താല്‍ 100 ഉം പുറത്തേക്കു വിട്ടാല്‍ മറ്റൊരു 100 ഉം പിഴയടക്കയ്‌ണം. മൊത്തം 200 രൂപ.

10/27/2008

പൊന്നാരാ മോള്‍?

പൊന്നിലും പൊന്നായ പുന്നാരമോളെ കെട്ടിച്ചുവിടാന്‍ പാടുപെടുന്ന സാധാരണക്കാരനായ രക്ഷിതാവിന്റെ ഉള്ള ഉറക്കവും കളയാന്‍ ജോര്‍ജ്‌ ബുഷിന്റെ നാട്ടില്‍ ഒരു പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ലോകത്തെ ഒന്നാംകിട സാമ്പത്തിക ശക്തികളിലൊന്നായ അമേരിക്കയിലെ വാണിജ്യസ്ഥാപനങ്ങള്‍ കുത്തുപാളയെടുത്തുകൊണ്ടിരിക്കുകയാണത്രെ. അമേരിക്കയല്ലെ പണ്ടാരമടങ്ങട്ടേ എന്നുപറഞ്ഞു തുള്ളിച്ചാടാന്‍ യാതൊരു വകുപ്പുമില്ല. അത്ര കിഴക്കല്ലല്ലോ പടിഞ്ഞാറ്‌.
പ്രതിശ്രുത വധുവിന്റെ സ്വഭാവം, സൗന്ദര്യം, കുടുംബപശ്ചാത്തലം ഇത്യാദികളെക്കാള്‍ പലര്‍ക്കും പ്രിയം ഈ മഞ്ഞലോഹത്തിനോടാണ്‌. അതുകൊണ്ടുതന്നെയാവണം ഓരോ ദിവസം പിന്നിടുംതോറും ജനകോടികളുടെ അസ്വസ്ഥ സ്ഥാപനമായി സ്വര്‍ണക്കടകള്‍ മാറുന്നത്‌. ഒറ്റ ദിവസംകൊണ്ട്‌ 500ഉം 600ഉം രൂപകൂടി 10,000ത്തിലേക്കു കുതിച്ചുകൊണ്ടിരിക്കുകയാണു സ്വര്‍ണവില.
മരുമകള്‍ക്ക്‌, മക്കളും പേരക്കുട്ടികളുമൊക്കെയായിട്ടും അവളുടെ കെട്ടുതാലി ഒറിജിനലാണോ എന്ന സംശയം തീര്‍ക്കാന്‍ കഴുത്തിനു പിടിച്ച്‌ ഉരച്ചുനോക്കുന്ന അമ്മായി അമ്മമാരുടെ ഇന്ത്യയാണിത്‌. ഒരുകാലത്തു താനും ഒരു മരുമകളായിരുന്നുവെന്ന വിചാരം ടി അമ്മായിഅമ്മയ്‌ക്കു തെല്ലുമില്ല. പെണ്‍വീട്ടുകാര്‍ കിടപ്പാടംപോലും വിറ്റു നല്‍കുന്നത്‌ കണ്ട്‌ പോരാ... പോരട്ടേ... എന്നു പറയാനേ ഇക്കൂട്ടര്‍ക്കറിയൂ. അതിനാലാണു മിക്ക ആത്മഹത്യാകേസുകളിലും സ്വര്‍ണം ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കുന്നത്‌.
സ്‌ത്രീധനമോ? ആത്മഹത്യയോ? ഞങ്ങളൊന്നുമറിഞ്ഞില്ലല്ലോ എന്നാണ്‌ ഇവിടുത്തെ കാക്കത്തൊള്ളായിരം വരുന്ന സംഘടനാ തൊഴിലാളികളുടെയും വെപ്പ്‌. ഒരുപക്ഷേ, ഇക്കാര്യം പറഞ്ഞുചെന്നാല്‍ കൊടിപിടിക്കാനും നോട്ടിസ്‌ ഒട്ടിക്കാനും കൂടെയുണ്ടായിരുന്നവര്‍ പിന്നെ ആ വഴിക്കു വരില്ല എന്ന ബോധ്യം കൊണ്ടാവാം ഇത്‌. വിലക്കയറ്റത്തിനും തീവ്രവാദത്തിനുമെതിരേ, പവര്‍കട്ടിനും ഭീകരവാദത്തിനുമെതിരേ പ്രചാരണങ്ങള്‍ ധാരാളം നടക്കുന്നുണ്ടല്ലോ. ഒരിക്കലെങ്കിലും സ്‌ത്രീധനത്തിനും തീവ്രവാദത്തിനുമെതിരേ പ്രചാരണമായിക്കൂടെ. അല്ലാതെ, ഇതിന്റെ പേരില്‍ ജോര്‍ജ്‌ ബുഷ്‌ രാജിവയ്‌ക്കണമെന്നും സ്വര്‍ണക്കടകള്‍ പൂട്ടണമെന്നും പറയുന്നതാണോ ബുദ്ധി.

9/14/2008

ചുടുചോറല്ല, ഓണസദ്യ

വയനാട്‌ ചുരത്തിലെ വാനരന്‍മാര്‍ ഇത്തവണ ഓണം പൊടിപൊടിച്ചു.പൂവന്‍ പഴം, ഓറഞ്ച്‌, മുന്തിരി, പൈനാപ്പിള്‍, തണ്ണിമത്തന്‍ എന്നിവയ്‌ക്കൊപ്പം മധുരച്ചോറും ചേര്‍ത്ത്‌ ഒന്നാന്തരമൊരു സദ്യ. വയനാട്‌ ഗാന്ധിഗ്രാമത്തിനു നന്ദി....

9/12/2008

മുംബൈ എന്ന വെള്ളരിക്കാ പട്ടണം

ഇന്ത്യയില്‍ മഹാരാഷ്ട്ര എന്നൊരു സംസ്ഥാനമുണ്ട്‌. ഇതിന്റെ തലസ്ഥാനമാണ്‌ മുംബൈ. ഇവിടെ ആര്‍ക്കും എന്തുമാവാമെന്നാണ്‌ ചില പിന്തിരിപ്പന്‍ മൂരാച്ചികള്‍ തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നത്‌. എന്നാല്‍ മുംബൈക്കാരെ പറ്റി വല്ലതും പറഞ്ഞാല്‍ വിവരമറിയുമെന്ന കാര്യത്തില്‍ ഇനി വല്ലവര്‍ക്കും സംശയം ബാക്കി കിടക്കുന്നുണ്ടെങ്കില്‍ സാക്ഷാല്‍ അമിതാഭ്‌ ബച്ചനോട്‌ ചോദിച്ചാല്‍ മതി. സഹധര്‍മിണി ഒരു സംഗീത വിരുന്നില്‍ വിളമ്പിയ മുംബൈ വിരുദ്ധ മസാലയുടെ പേരില്‍ ബച്ചന്‍ നായരു പിടിച്ച പുലിവാല്‌ ചെറുതല്ല. ഒടുവില്‍ കാല്‍ക്കല്‍ വീണെന്ന മട്ടില്‍ മാപ്പു പറഞ്ഞിട്ടാണ്‌ താക്കറെമാര്‍ കനിഞ്ഞത്‌. താക്കറെകള്‍ മറാത്തികളല്ലെന്നത്‌ പരസ്യമായ രഹസ്യമാണെങ്കിലും അവര്‍ക്ക്‌ എന്തും ചെയ്യാനുള്ള ലൈസന്‍സുള്ള സ്ഥിതിക്ക്‌ തര്‍ക്കിക്കാന്‍ നില്‍ക്കണ്ട. കച്ചോടം പൂട്ടി വീട്ടിലിരിക്കേണ്ടി വരും.

8/09/2008

റിയാലിറ്റി "ഷോക്കാ"യി ഒടുവില്‍ സംഗതി വന്നു

ഷിന്‍ജിനി സെന്‍ ഗുപ്‌ത എന്ന കൊല്‍ക്കത്തക്കാരി പെണ്‍കുട്ടിയിലൂടെ തങ്ങള്‍ക്കു കുറച്ചു പണവും അതിലേറെ പ്രശസ്‌തിയും കിട്ടണമെന്ന്‌ അവളുടെ മാതാപിതാക്കള്‍ ആശിച്ചു. അതിനായി ആടാനും പാടാനും അഭിനയിക്കാനുമൊക്കെ അറിയുന്ന മകളെ അവര്‍ റിയാലിറ്റി ഷോക്ക്‌ അയച്ചു. പക്ഷേ, ഇന്നവര്‍ കണക്കുകൂട്ടിയതിനേക്കാള്‍ പ്രശസ്‌തിയൊക്കെയുണ്ട്‌, കുട്ടിക്കു മിണ്ടാനോ ചലിക്കാനോ കഴിയില്ലെന്നു മാത്രം. അത്രയേ ഉള്ളൂ സംഗതി.ശില്‍പ്പാഷെട്ടിയെന്നു കേട്ടാല്‍ മുമ്പൊക്കെ ഓര്‍മവരുക ഒരു ബോളിവുഡ്‌ നടിയെയായിരുന്നു. പിന്നെപ്പിന്നെ അവരുടെ തനിരൂപം ചാനലുകള്‍ ഒരംശംപോലും മറച്ചുവയ്‌ക്കാതെ പുറത്തുവിട്ടപ്പോള്‍ ആരാധകരുടെ എണ്ണം പതിന്‍മടങ്ങു വര്‍ധിച്ചു; വെറുതെയല്ല, ജയ്‌ഡ്‌ഗുഡിയുടെ അധിക്ഷേപവും റിച്ചാര്‍ഡ്‌ ഗിയര്‍ പരസ്യമായി ഹനുമാന്‍ഗിയറിട്ടു നടത്തിയ പ്രകടനങ്ങളും സഹിച്ചു നിന്നുകൊടുത്തതിനാണ്‌. അതോടെ ഇന്നു പിറന്നുവീഴുന്ന പെണ്‍കുഞ്ഞിനു വളരാന്‍ പ്രചോദനമുണ്ടാക്കുന്ന റോള്‍മോഡലാവുന്നിടത്തോളം ശില്‍പ്പാഷെട്ടി വളര്‍ന്നു. അങ്ങനെയാണു ഷിന്‍ജിനിമാരെ കലാഭാരതത്തിനു കിട്ടുന്നത്‌. അഭിനയിച്ചാല്‍ മാത്രം പോരാ, ആടുകയും പാടുകയും വേണം. ഏതാണ്ടൊരു വസുന്ധരാദാസ്‌ സ്റ്റൈല്‍. എന്നാല്‍, ജഡ്‌ജിമാരില്‍ നിന്നേല്‍ക്കുന്ന അധിക്ഷേപങ്ങള്‍ സഹിക്കാന്‍ ശില്‍പ്പയോളം നെഞ്ചുറപ്പ്‌ ഇപ്പോഴത്തെ പല കുട്ടികള്‍ക്കും ഇല്ലാതെ പോയി. അതിനാലാണു സംഗതിപോരാ, ഇത്തിരികൂടി വേണ്ടിയിരുന്നു എന്നു നാലാള്‍ കേള്‍ക്കെ `ജഡ്‌ജി' പറയുമ്പോള്‍ അതു വിഷാദരോഗത്തിലേക്കും സംസാര-ചലനശേഷിയില്ലായ്‌മയിലേക്കും കൊണ്ടെത്തിക്കുന്നത്‌. ഇത്‌ ഫെയ്‌ത്തല്ല, റിയാലിറ്റിയാണ്‌. എന്തു വിലകൊടുത്തും സംഗതി ഒപ്പിച്ചേ പറ്റൂ. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോവും.

മതമിളകി ജീവന്‍ പോയാലും പഠിക്കാത്ത പാഠം


കേരള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്‌തകത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്ന്‌ ആര്‍ക്കും തീര്‍ത്തുപറയാനാവില്ല. `മതമില്ലാത്ത ജീവനും' `നെഹ്‌റുവിന്റെ ഒസ്യത്തും' തിരുകിക്കയറ്റുക വഴി വിശ്വാസികളെ ഒന്നിരുത്താനും മിശ്രവിവാഹിതരോടു `വെല്‍ഡണ്‍, കണ്ടിന്യൂ' എന്നൊക്കെ പറഞ്ഞു പ്രോല്‍സാഹിപ്പിക്കാനും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നതു നേര്‌. ഭൂകമ്പവും വിലക്കയറ്റവുമെല്ലാം ഏതു മതക്കാരെയാണു കൂടുതല്‍ ബാധിക്കുക എന്ന ചോദ്യം കൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നതെന്നും ഏതു പൊട്ടനും തിരിയും. എം.എ. ബേബി താനൊരു രണ്ടാം മുണ്ടശ്ശേരിയോ ഒന്നാം മുണ്ടശ്ശേരിയോ അല്ല; അസ്സല്‌ കമ്മ്യൂണിസ്റ്റാണന്നു തെളിയിക്കുകയാണിവിടെ.അതുകൊണ്ടൊക്കെത്തന്നെയാവണം, ശരാശരിമലയാളിയുടെ അടിസ്ഥാനപ്രശ്‌നങ്ങളിലൊന്നായി ഏഴാംക്ലാസ്‌ പാഠപുസ്‌തകം മാറിയിട്ടുണ്ട്‌. സാധാരണക്കാരന്റെ വയറ്റില്‍ മുണ്ടിട്ടുമുറുക്കുന്ന വിലക്കയറ്റവും ഓര്‍ക്കാപ്പുറത്തേല്‍ക്കുന്ന ചെകിടത്തടിപോലെ കണ്ണില്‍ ഇരുട്ടുമായെത്തുന്ന ലോഡ്‌ഷെഡിങും ആരുടെയും ശ്രദ്ധയില്‍െപ്പടുന്നില്ല. ബസ്‌ചാര്‍ജ്‌ എത്രകണ്ടു വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കം ബാക്കിയുള്ളൂ. ഇവിടെ എല്ലാവരും ഏഴാംക്ലാസ്സിലെ സാമൂഹ്യപാഠ പുസ്‌തകം വായിക്കുന്ന തിരക്കിലാണ്‌.കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുക എന്നതു പ്രാഥമികാവശ്യമായി കാണക്കാക്കുന്നതുകൊണ്ടാവണം അതെന്നു കരുതി സമാധാനിക്കാം. കുട്ടിയെ സ്വന്തം മതത്തില്‍ വളര്‍ത്തേണ്ട ബാധ്യതയുള്ള മാതാപിതാക്കള്‍ അന്‍വര്‍ റഷീദ്‌-ലക്ഷ്‌മിദേവി ദമ്പതികളെ അല്‍പ്പം രോഷത്തോടെയാവും കാണുക എന്ന കാര്യത്തില്‍ സംശയമില്ല. ഇവരുടെ മകന്‍ ജീവനോടു ക്ലാസിലെ മറ്റുകുട്ടികള്‍ വിരോധം കാണിക്കുകയോ ഇരിക്കാന്‍ സ്ഥലം കൊടുക്കാതിരിക്കുകയോ ചെയ്യണമെന്നില്ല. കാരണം, അവന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണല്ലോ. അതുകൊണ്ട്‌ ഈ ദമ്പതികളുടെ ജീവന്റെ ജീവനായ മകനെ ഈ സ്‌കൂളില്‍ പഠിപ്പിക്കേണ്ടെന്നു ബാക്കിയുള്ളവര്‍ പറഞ്ഞാല്‍, പാഠപുസ്‌തകത്തില്‍ എന്തെങ്കിലും അതുമായി ചെറിയൊരു അനുരഞ്‌ജനത്തിലെത്തേണ്ടിവരും. അപ്പോള്‍ തീര്‍ന്നല്ലോ പ്രശ്‌നം.പക്ഷേ, സമരവും കോലാഹലവുമൊക്കെയായി തുടങ്ങിയിരിക്കുന്ന എല്ലാ പ്രശ്‌നവും കണ്ണടച്ചങ്ങു വിശ്വസിക്കണ്ട. കുട്ടികളുടെ സന്തോഷമാണ്‌ അവരുടെയും സന്തോഷമെന്നൊക്കെ പറഞ്ഞു സമര്‍ഥിക്കാന്‍ ഇക്കൂട്ടര്‍ക്കാവുമോ? ഹര്‍ത്താലുകളും പഠിപ്പുമുടക്കും വിദ്യാഭ്യാസബന്ദും നടത്തി അധ്യയന ദിവസങ്ങള്‍ ഇല്ലാതാക്കിയത്‌ ഉദാഹരണം. ഈ തക്കത്തിനു സര്‍ക്കാര്‍ ഫീസുകള്‍ ഇരട്ടിയാക്കിയപ്പോള്‍ ലാത്തിയടികൊള്ളാനും പോലിസിന്റെ തലയെറിഞ്ഞു പൊട്ടിക്കാനും നിരാഹാരം കിടക്കാനും ഒരു ഈച്ചയെപ്പോലും കണ്ടതുമില്ല. ഒരു കാര്യത്തില്‍ ഭരണക്കാരും പ്രതിപക്ഷത്തുള്ളവരും നിസ്സംശയരാണ്‌. ഏഴാം ക്ലാസിലെ വിവാദപുസ്‌തകം അതു പഠിക്കേണ്ടവര്‍ മാത്രമല്ല, അവരുടെ അച്ഛനമ്മമാരും അളിയന്മാരും അമ്മായിയുടെ മക്കളുമൊക്കെ നല്ലോണം പഠിച്ചുകഴിഞ്ഞു. തീര്‍ന്നില്ല, ഇതു പാലിക്കാനായി ഒരു സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്‌. ഈ പുസ്‌തകത്തിന്റെ കാര്യത്തില്‍ എവിടെ നില്‍ക്കണം എന്നറിയാതെ ചിലര്‍ മലക്കം മറിയുന്നുവെന്നാണ്‌ ഏറ്റവും ഒടുവില്‍ കിട്ടിയ റിപോര്‍ട്ട്‌. വ്യക്തമായിപ്പറഞ്ഞാല്‍ ചന്ദ്രികയ്‌ക്കു വേണ്ടി വാദിക്കേണ്ടിവരുന്ന ഖദറിട്ട കമ്മ്യൂണിസ്റ്റുകാരന്റെ അവസ്ഥയാണവര്‍ക്ക്‌. അവരുടെ നിസ്സഹായതയിലേക്കു നോക്കി ഒരിറ്റു കണ്ണീര്‍.

6/14/2008

ചെറുത്തുനില്‍പ്പിന്റെ ഇറാഖീ വര്‍ത്തമാനം

ഇറാഖീ ചെറുത്തുനില്‍പ്പിന്റെ മുഖ്യധാരയായ ഇറാഖ്‌ ഇസ്‌ലാമികസൈന്യത്തിന്റെ നേതാവ്‌ മുഹമ്മദ്‌ അല്‍ശമ്മാരിയുമായി അല്‍ജസീറ ലേഖകന്‍ അഹ്‌മദ്‌ മന്‍സൂര്‍ നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍:(23-05-08ന്‌ തേജസ്‌ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മലയാളം വിവര്‍ത്തനം)
ചോ:സൈനികരുടെ എണ്ണം കൂട്ടിയതോടെ ഇറാഖില്‍ സ്ഥിതിഗതികള്‍ അനുകൂലമായെന്നാണല്ലോ പെട്രോസ്‌ പറയുന്നത്‌? ഉത്തരം: പെട്രോസിന്‌ (അമേരിക്കന്‍ സേനാതലവന്‍) ഇറാഖില്‍ യാതൊരു മുന്നേറ്റവുമുണ്ടാക്കാന്‍ പറ്റിയിട്ടില്ല. കൂട്ടനശീകരണ ആയുധങ്ങള്‍ ഇവിടെയുണ്ട്‌ എന്നു തുടങ്ങി ബുഷ്‌ പറഞ്ഞ നുണപരമ്പരകളില്‍ ഒന്നുമാത്രമാണത്‌. അധിനിവേശസേനയ്‌ക്കു യാതൊരു പുരോഗതിയും ഉണ്ടായില്ല. അധിനിവേശം അവസാനിപ്പിക്കുക എന്നനയത്തില്‍ നിന്നു ചെറുത്തുനില്‍പ്പുപ്രസ്ഥാനം പിറകോട്ടടിച്ചിട്ടില്ല. പോരാട്ടതന്ത്രം മാറ്റിയ ചെറുത്തുനില്‍പ്പുപ്രസ്ഥാനത്തിന്റെ നയം പഴയതുതന്നെയാണ്‌. നവംബറില്‍ തിരഞ്ഞെടുപ്പു നടക്കുന്നതിനു മുമ്പ്‌ അല്‍പ്പം ശാന്തതയുണ്ടാക്കണമെന്നാണ്‌ അമേരിക്കയുടെ ആഗ്രഹം. എന്നാല്‍ അധിനിവേശവിരുദ്ധ പോരാട്ടം ഏതുസമയത്താണു രൂക്ഷമാക്കേണ്ടതെന്നു ചെറുത്തുനില്‍പ്പുപ്രസ്ഥാനം തീരുമാനിക്കും. അതു ചിലപ്പോള്‍ പല നിര്‍ണായക ഘട്ടങ്ങളിലുമായിരിക്കും. എങ്ങനെ, എപ്പോള്‍ എന്നെല്ലാം തീരുമാനിക്കുന്നതു പ്രസ്ഥാനമാണ്‌.
ചോ: യു.എസ്‌ സൈന്യത്തിനെതിരായ ആക്രമണങ്ങളില്‍ കുറവുണ്ടായതിനെപ്പറ്റി?
ഉ: ഇപ്പോള്‍ കാണുന്ന കുറവ്‌ ദൗര്‍ബല്യമായി കണക്കാക്കേണ്ട. യാഥാര്‍ഥ്യബോധവും പ്രായോഗികബുദ്ധിയും ഉള്ളവരുടെ പ്രസ്ഥാനമാണു ഞങ്ങളുടേത്‌. അല്‍ഖാഇദ, സഹ്‌വ, ശിയാ മിലീഷ്യ തുടങ്ങിയ ഘടകങ്ങള്‍ രംഗത്തെത്തിയതോടെ രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടായി. കാലാനുസൃതമായ മാറ്റങ്ങള്‍ ഞങ്ങളും സ്വീകരിക്കുന്നു. ചെറുത്തുനില്‍പ്പുപ്രസ്ഥാനത്തെ `ശുദ്ധീകരിക്കാന്‍' നിരവധി ശ്രമങ്ങള്‍ അധിനിവേശക്കാരും മറ്റുള്ളവരുമെല്ലാം നടത്തിവരുകയാണ്‌. സത്യത്തില്‍ ശിയാ മിലീഷ്യകളെ അമേരിക്കയാണു പിന്തുണയ്‌ക്കുന്നത്‌. അങ്ങനെ ഞങ്ങളെ ദുര്‍ബലമാക്കാനാണ്‌ അമേരിക്ക ശ്രമിക്കുന്നത്‌. ഇരട്ട അധിനിവേശമാണു നമ്മള്‍ നേരിടുന്നതെന്നോര്‍ക്കണം. അമേരിക്കയും ഇറാനും നമ്മെ അധീനപ്പെടുത്തിയിരിക്കുകയാണെന്നാണു മുമ്പും ഇപ്പോഴും ഞങ്ങള്‍ ആവര്‍ത്തിക്കുന്നത്‌.
ചോ: സുന്നീ വിഭാഗീയചിന്താഗതിക്കാരാണു നിങ്ങളെന്നാണല്ലോ ആരോപണം?
ഉ: പലയിടങ്ങളിലും ശിയാക്കളെ അവരുടെ തന്നെ കൊലയാളിക്കൂട്ടങ്ങളില്‍ നിന്നു രക്ഷിക്കുന്നതു ഞങ്ങളാണ്‌. സാധാരണക്കാര്‍ക്കെതിരായ അതിക്രമങ്ങളെ ഞങ്ങള്‍ എന്നും അപലപിക്കുന്നുണ്ട്‌. നിരപരാധികള്‍ നിറഞ്ഞ മാര്‍ക്കറ്റുകളില്‍ ഞങ്ങള്‍ സ്‌ഫോടനം നടത്തില്ല. ഞങ്ങള്‍ക്കു ചീത്തപ്പേരുണ്ടാക്കാന്‍ അധിനിവേശകര്‍ പയറ്റുന്ന തന്ത്രമാണിത്‌. ഇറാഖീ സിവിലിയന്‍മാര്‍ക്കു നേരെയുണ്ടാവുന്ന കാര്‍ബോംബ്‌ സ്‌ഫോടനവും തലയറുക്കലുമെല്ലാം അവരുടെ പ്രവൃത്തികളാണ്‌. കൂലിപ്പട്ടാളക്കാരും മൊസാദും ഇറാനിയന്‍ സായുധസേനയും അവരുടെ കൂട്ടാളികളുമൊക്കെ ഇതിനു പിന്നിലുണ്ട്‌. ചെക്‌ പോയിന്റുകളില്‍ പരിശോധനയ്‌ക്കായി നിര്‍ത്തിയിടുന്ന കാറുകളില്‍ ഉടമയറിയാതെ അവര്‍ ബോംബ്‌ വയ്‌ക്കുന്നതു നിത്യസംഭവമാണ്‌. ചെറുത്തുനില്‍പ്പുപോരാളികള്‍ അതു ചെയ്യില്ല. മുഴുവന്‍ ഇറാഖികളെയും ഞങ്ങള്‍ക്കു വേണം. ഞങ്ങള്‍ക്കു ശക്തിയും പിന്തുണയും നല്‍കുന്നത്‌ അവരാണ്‌. അത്തരക്കാരെ എങ്ങനെയാണു ഞങ്ങള്‍ ലക്ഷ്യമിടുക? അമേരിക്കന്‍-ഇറാനിയന്‍ അധിനിവേശവിരുദ്ധ ചെറുത്തുനില്‍പ്പുപ്രസ്ഥാനമാണിത്‌. ഇറാഖീ ജനതയ്‌ക്കെതിരേ ഉള്ളതല്ല. സ്വന്തം ആളുകളെ കശാപ്പു ചെയ്യാന്‍ ഞങ്ങള്‍ക്കെങ്ങനെ കഴിയും? ഇറാനും യു.എസും പിന്തുണയ്‌ക്കുന്നവരാണ്‌ ആഭ്യന്തരയുദ്ധവും വിഭാഗീയപ്രവര്‍ത്തനങ്ങളും തുടങ്ങിയത്‌. ശിയാക്കളെയല്ല മറിച്ച്‌, ഇറാന്‍ അണിനിരത്തുന്ന അര്‍ധസൈനിക സംഘങ്ങളെയാണു ഞങ്ങള്‍ കുറ്റപ്പെടുത്തുന്നത്‌. അറബ്‌ ശിയാക്കളില്‍ നല്ലൊരു വിഭാഗവും ഇതേക്കുറിച്ചു ബോധവാന്‍മാരാണ്‌. തെക്കന്‍മേഖലയിലെ നിരവധി ശിയാ ഗോത്രങ്ങള്‍ ഇറാനിയന്‍ ഇടപെടലിനെതിരേ രംഗത്തുവന്നിട്ടുണ്ട്‌. ഇത്തരം സായുധസേനകളെയും ഇറാനിയന്‍ സ്വാധീനത്തെയും അവര്‍ നിരാകരിക്കുന്നുണ്ട്‌. തങ്ങളെ അനുസരിക്കാത്തവരെ അവിശ്വാസികള്‍ എന്നു വിളിച്ചു ഭീകരരാക്കുകയാണ്‌ ഇത്തരം ഛിദ്രശക്തികളുടെ നേതാക്കളും മതപ്രതിനിധികളും ചെയ്യുന്നത്‌. ശിയാക്കളുമായുള്ള ഞങ്ങളുടെ ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുന്നവയാണ്‌. ഞങ്ങള്‍ അവര്‍ക്കെതിരല്ല. ഇറാന്റെ പിന്തുണയുള്ള വിഭാഗീയ ചിന്താഗതിക്കാരെയും സായുധസേനകളെയും എതിര്‍ക്കുക മാത്രമാണു ഞങ്ങള്‍ ചെയ്യുന്നത്‌. ഇറാഖിനെയും മുഴുവന്‍ ഇറാഖികളെയും അധിനിവേശത്തില്‍ നിന്നു മുക്തരാക്കുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം. സുന്നികളെ മാത്രം സ്വതന്ത്രരാക്കാന്‍ വേണ്ടിയല്ല ഞങ്ങളുടെ പ്രവര്‍ത്തനം. ഇതൊരിക്കലും ഒരു സുന്നീ പദ്ധതിയല്ല. അത്തരം സങ്കുചിതചിന്തകള്‍ ഞങ്ങള്‍ക്കില്ലതാനും.
ചോ: പക്ഷേ, ചെറുത്തുനില്‍പ്പുപ്രസ്ഥാനത്തില്‍ ഭൂരിഭാഗവും സുന്നികളല്ലേ?
ഉ: അതു സ്വാഭാവികമാണ്‌. ആക്രമണം നടത്തി അധിനിവേശം സ്ഥാപിച്ച അമേരിക്കയാണു ശിയാ വിഭാഗീയസംഘടനകളെയും സായുധസേനകളെയുമെല്ലാം കൊണ്ടുവന്നത്‌. വിഭാഗീയതയുടെയും വംശീയതയുടെയും പേരില്‍ ഇറാഖിനെ വെട്ടിമുറിക്കുന്നത്‌ അമേരിക്കയാണ്‌. അവര്‍ സുന്നികളും ശിയാക്കളുമെന്നും അറബികളെന്നും കുര്‍ദുകളെന്നും ഇറാഖികളെ തരംതിരിച്ചു. ഇറാഖീ ജനതയിലെ സുന്നീ പ്രാതിനിധ്യം വെറും 20 ശതമാനമാണെന്നാണ്‌ അമേരിക്ക പറയുന്നത്‌. ഇതു മറ്റൊരു നുണയാണ്‌. യഥാര്‍ഥത്തില്‍ ജനസംഖ്യയുടെ 43 ശതമാനം അറബ്‌സുന്നികളാണ്‌. കുര്‍ദുകളിലും ഭൂരിപക്ഷം സുന്നികള്‍ക്കാണ്‌. അങ്ങനെ നോക്കുമ്പോള്‍ സുന്നികള്‍ ഇറാഖീ ജനസംഖ്യയുടെ 55 ശതമാനം വരും. സുന്നികളെ ഇത്തരത്തില്‍ ന്യൂനപക്ഷമാക്കി അവതരിപ്പിച്ചാല്‍ `ജനാധിപത്യപ്രക്രിയ'യില്‍ നിന്ന്‌ അവഗണിച്ചുകളയാമെന്നാണ്‌ അമേരിക്ക കരുതിയത്‌. ഇറാഖില്‍ ഫെഡറലിസം എന്നാല്‍ ഭിന്നിപ്പിക്കലാണ്‌.അല്‍ഖാഇദയുമായി ഞങ്ങള്‍ക്കു ഭിന്നതയും തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്‌. ഞങ്ങളുടെ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, സിവിലിയന്‍മാര്‍, ഇറാന്‍-ഇറാഖ്‌ യുദ്ധത്തില്‍ മാതൃരാജ്യത്തിനായി പോരാടിയ സൈനിക ഓഫിസര്‍മാര്‍ എന്നിവരെയെല്ലാം അല്‍ഖാഇദ എന്ന പേരില്‍ ചിലര്‍ ആക്രമിക്കുന്നു. ഈ നിഗൂഢപ്രവൃത്തികള്‍, എന്താണ്‌ അവരുടെ ഒളിയജണ്ട എന്നതിലേക്കു നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു.അതുപോലെത്തന്നെ, സുന്നികളെയും ശിയാക്കളെയുമെല്ലാം അവിശ്വാസികളെന്നു മുദ്രകുത്തുന്ന അവരുടെ നടപടിയും ഞങ്ങള്‍ക്ക്‌ അസ്വീകാര്യമാണ്‌. സുന്നികള്‍ക്കിടയിലും ഭിന്നിപ്പുണ്ടാക്കാന്‍ അവര്‍ നീക്കം നടത്തി. അവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച്‌ ഇതു ഞങ്ങളില്‍ സംശയമുണ്ടാക്കുന്നു. ഞങ്ങളുടെ ചെറുത്തുനില്‍പ്പുപോരാളികളെപ്പോലും അവര്‍ ആക്രമിക്കുകയുണ്ടായി. അവരുമായി നേരിട്ടു യുദ്ധം ചെയ്യുക എന്നതു ഞങ്ങളുടെ നയമല്ല. എന്നാല്‍ ഏതാക്രമണങ്ങളെയും പ്രതിരോധിക്കും. ശത്രുത അവസാനിപ്പിച്ച്‌ അവരെ സന്മാര്‍ഗത്തിലേക്കു നയിക്കണേ എന്നാണു പ്രാര്‍ഥന.
ചോ: മഹ്‌ദി സേനയുമായി ബന്ധപ്പെട്ടു ബസ്‌റയിലുണ്ടായ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ നോക്കുക. ഈ ശിയാ പ്രതിരോധവും ചെറുത്തുനില്‍പ്പുപ്രസ്ഥാനത്തിന്റെ അതേ പാതയിലാണെന്നു കരുതുന്നുണ്ടോ? അവര്‍ മാലികിക്കും അധിനിവേശത്തിനും എതിരാണോ?
ഉ: 2004ല്‍ നജഫില്‍ തുടങ്ങിയ മുഖ്‌തദാ അല്‍സദറിന്റെ പോരാട്ടം അതിന്റെ ഏറ്റവും ആദ്യത്തില്‍ അധിനിവേശത്തിനെതിരേയായിരുന്നു. ഇറാനുമായി കൂട്ടുകൂടി മുഖ്‌തദയും കൂട്ടരും തങ്ങളുടെ അധിനിവേശവിരുദ്ധതയില്‍ വെള്ളം ചേര്‍ക്കുന്നതുവരെ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുകയും പ്രോല്‍സാഹിപ്പിക്കുകയുമുണ്ടായി. ഇപ്പോള്‍ നടക്കുന്ന വിഭാഗീയപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തമുള്ള മോശം സായുധസേനാ വിഭാഗമായാണു മഹ്‌ദി സേനയെ ഞങ്ങള്‍ കാണുന്നത്‌. അല്‍മാലികിക്കു വേണ്ടി വോട്ട്‌ ചെയ്‌ത മുഖ്‌തദയും അദ്ദേഹത്തിന്റെ ആളുകളും കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി രാഷ്ട്രീയപ്രക്രിയയില്‍ ഏര്‍പ്പെടുന്നുവെന്നതാണു യാഥാര്‍ഥ്യം. അഞ്ചുവര്‍ഷം കഴിഞ്ഞ്‌ ഇപ്പോഴാണോ അവര്‍ അധിനിവേശത്തെയും പ്രതിരോധത്തെയും പറ്റി ഓര്‍ത്തത്‌? മാലികിയുമായും ബദ്‌ര്‍ ബ്രിഗേഡുമായും സദറിനുള്ള തര്‍ക്കം പ്രവിശ്യാതിരഞ്ഞെടുപ്പിന്റെ പേരിലും എണ്ണസമ്പത്തു കൈകാര്യം ചെയ്യുന്ന കാര്യത്തിലുമാണ്‌.ചെറുത്തുനില്‍പ്പുപ്രസ്ഥാനത്തിന്റെ ഭാഗമാവാന്‍ മുഖ്‌തദാ അല്‍സദര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇറാഖികളെ പുറന്തള്ളുകയും അഭയാര്‍ഥികളാക്കുകയും ചെയ്യുന്നത്‌ അവസാനിപ്പിക്കണം. പള്ളികള്‍ക്കു ബോംബിടുന്നതും ഭിന്നതയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നിര്‍ത്തണം. ഇന്നുവരെ അദ്ദേഹം അതിനു തയ്യാറായിട്ടില്ല.അധിനിവേശത്തില്‍ നിന്നു രൂപംകൊണ്ട ഈ പാവസര്‍ക്കാരിനെ ഞങ്ങള്‍ അംഗീകരിക്കുകയോ അവരുമായി സഹകരിക്കുകയോ ഇല്ല. മാലികി സര്‍ക്കാര്‍ പ്രത്യക്ഷത്തില്‍ അമേരിക്കയ്‌ക്കും പരോക്ഷമായി ഇറാനും അനുകൂലമാണ്‌. അതിനാല്‍ത്തന്നെ അഹ്‌മദി നജാദിന്റെ ഇറാന്‍ സന്ദര്‍ശനം ഞങ്ങളെ അദ്‌ഭുതപ്പെടുത്തിയില്ല. ഇത്‌ ഇരട്ട അധിനിവേശം (അമേരിക്കന്‍-ഇറാനിയന്‍) ആണെന്നാണു ഞങ്ങള്‍ മുമ്പേ പറയുകയും ഇപ്പോഴും ആവര്‍ത്തിക്കുകയും ചെയ്യുന്നത്‌. ഇറാഖിലെയും അഫ്‌ഗാനിസ്‌താനിലെയും മുതലാളിത്ത താല്‍പ്പര്യങ്ങളുടെ കാര്യത്തില്‍ ഇറാനും അമേരിക്കയും യോജിക്കുന്നുണ്ട്‌. ഇറാഖിനെ അധീനപ്പെടുത്തുക എന്ന തങ്ങളുടെ മുതലാളിത്ത അജണ്ട നടപ്പാക്കാന്‍ വേണ്ടി ഭൂമിശാസ്‌ത്രപരമായ അടുപ്പവും ഇറാഖീ ശിയാക്കളുടെ മേലുള്ള മതപരമായ സ്വാധീനവും ഇറാന്‍ അവസരത്തിനൊത്ത്‌ ഉപയോഗപ്പെടുത്തുകയായിരുന്നു. എട്ടുവര്‍ഷത്തെ രക്തരൂഷിതമായ യുദ്ധത്തില്‍ ഇറാഖില്‍ നിന്നു പിടിച്ചെടുക്കാന്‍ കഴിയാത്തതെല്ലാം അമേരിക്കന്‍ ബാനറില്‍ ഇറാന്‍ നേടിയെടുത്തു. ഇറാഖിലെ യഥാര്‍ഥ വിജയി ഇറാനാണ്‌. എന്നാല്‍, ആത്യന്തികമായി അവര്‍ ഒരു അയല്‍രാഷ്ട്രമാണ്‌.
വിവ: കെ പി എം റിയാസ്‌

6/07/2008

പകര്‍പ്പവകാശം അനുവദിച്ചില്ലെങ്കില്‍ വാക്കൗട്ട്‌ തന്നെ

എല്‍.എല്‍.ബി മൂന്നാം സെമസ്റ്റര്‍ ഭൂനിയമം'എന്ന പേപ്പറിന്റെ പരീക്ഷയെഴുതുന്ന കമ്മ്യൂണിസ്റ്റുകാരിക്ക്‌ ഒരു തുണ്ടു ഭൂമിയില്ലാത്ത പട്ടിണിപ്പാവങ്ങള്‍ക്കായി മഷി നിരത്താന്‍ വളരെ ഈസി. പക്ഷേ, കൈയില്‍ മറ്റു ചില തുണ്ടുകള്‍ സ്റ്റോക്കുണ്ടായിരുന്നതിനാല്‍ അത്തരം സാഹസത്തിനൊന്നും ഈ വനിതാ എം.എല്‍.എ മുതിര്‍ന്നില്ല. വൈകിയാണ്‌ എത്തിയതെങ്കിലും ?`പകര്‍പ്പവകാശം'' മറ്റാര്‍ക്കുമില്ലെന്ന മട്ടില്‍ എഴുതി മുന്നേറിയപ്പോള്‍ പ്രതിപക്ഷത്തെപ്പോലെ തുറിച്ചുനോക്കിയ അധ്യാപകന്‍ പണി പറ്റിക്കുമെന്നു നിനച്ചതേയില്ല. കൈയോടെ പിടികൂടിയ വേളയില്‍ ഞാനിനി പരീക്ഷയേ എഴുതുന്നില്ലെന്നു പറഞ്ഞൊരു വാക്കൗട്ട്‌.ജനങ്ങള്‍ ജയിപ്പിച്ചുവിട്ടപോലെ ഇവിടെ അത്ര എളുപ്പത്തില്‍ കടന്നു കൂടാന്‍ കഴിയില്ലെന്ന കാര്യം അറിയാവുന്നതു തന്നെയാണ്‌. നിയമസഭാ ഹാളിലാണെങ്കില്‍ എപ്പോഴെങ്കിലും എന്തെങ്കിലും ചോദിച്ചിട്ടേ ശീലമുള്ളൂ. പരീക്ഷാ ഹാളിലാവട്ടെ ചോദ്യം അവരുടെ വക. ഉത്തരം നമ്മള്‍ കണ്ടെത്തണം. അതിനാണു റിസ്‌കെന്നു മലയാളത്തില്‍ പറയുക.പക്ഷേ, ഇവരേതാ മോള്‍? മുമ്പൊരിക്കല്‍ കടന്നല്‍ കുത്തേറ്റതിന്റെ നീറുന്ന ഓര്‍മകളും പേറി നടക്കുന്നതു ചില കടന്നലുകളെ തളയ്‌ക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ്‌. എന്നിട്ടും എല്ലാം വി എസിന്റെ മൂന്നാര്‍ സ്വപ്‌നങ്ങള്‍പോലെ തകര്‍ന്നടിഞ്ഞു. ഈ എം.എല്‍.എയ്‌ക്കെതിരേ കേരള സര്‍വകലാശാലയിലെ ഇടതു സിന്‍ഡിക്കേറ്റ്‌ എന്തു നടപടിയെടുക്കുമെന്നു ചോദിക്കാനേ പാടില്ല. നിരന്തര മൂല്യനിര്‍ണത്തിന്റെയും മാര്‍ക്ക്‌ ദാനത്തിന്റെയും പാരമ്പര്യം അവകാശപ്പെടുന്നവരുടെ മുന്നില്‍ ഒരു സ്വന്തക്കാരി (അതും ഒരു എം.എല്‍.എ) വന്നുപെട്ടാല്‍ പിന്നെ എന്തോന്ന്‌ നടപടി. തള്ളേ ച്വാദ്യം തന്നെ അണ്‍പാര്‍ലമെന്ററി.

ഒരു സത്യാ`ന്വേഷി'യുടെ പരീക്ഷണങ്ങള്‍

വിപ്ലവനായികയ്‌ക്ക്‌ ജയിലുകളും ലോക്കപ്പുകളും വിഷയമേ ആയിരുന്നില്ല. ഇപ്പഴല്ല, പണ്ട്‌. കാടിറങ്ങി നാട്ടിലെത്തിയതില്‍പ്പിന്നെ ചില ?`അന്വേഷ'ണച്ചുമതലകളും ചുമലിലേന്തി വിപ്ലവത്തെ പ്രസംഗത്തില്‍ നിന്നുപോലും മാറ്റിനിര്‍ത്തി നടപ്പു തുടങ്ങിയപ്പോള്‍ പോയകാലത്തേക്ക്‌ ഒരു ഫ്‌ളാഷ്‌ബാക്കിനു പോലും വകയില്ലാതായി. ലോകാവസാനം വരെയും കുടുങ്ങാനിടയില്ലാത്ത ഒരു മുന്‍ മന്ത്രിപുംഗവന്റെ പിറകില്‍ തന്നെ കൂടിയിട്ട്‌ നാളെത്രയായി. കോട്ടക്കുന്നു കുലുങ്ങിയാലും ടി കുട്ടി കുലുങ്ങുന്ന മട്ടില്ല. ഇപ്പോള്‍ സംഗതി ഇത്തിരി സീരിയസാണ്‌. കൂടെക്കിടന്നവന്‍ ഇത്തിരി `സ്‌പിരിറ്റോ'ടെ അഴിയെണ്ണാന്‍ തുടങ്ങിയതോടെ ഉള്ള മനസ്സമാധാനവും പോയി. സംശയമില്ല, എല്ലാത്തിനും പിന്നില്‍ ആ മുന്‍മന്ത്രി തന്നെ. ഭരണം ഇടത്തായതിനാല്‍ ആരെയെങ്കിലും ജയിലിലടയ്‌ക്കാന്‍ തന്റെ കൈയില്‍ മാന്ത്രികവടിയൊന്നുമില്ലെന്ന്‌ അങ്ങേരു പറയുന്നു. അങ്ങനെയൊരു കുട്ടി തന്റെ സിമന്റിന്റെ വഴിക്ക്‌ വന്നിട്ടു പോലുമില്ലെന്ന്‌ ജയിലുവിട്ട മണവാളന്‍ നൂറില്‍ നൂറ്‌ ഉറപ്പോടെ തന്നെ പറഞ്ഞതാണ്‌. പക്ഷേ, കുടുംബം എല്ലാവര്‍ക്കുമുണ്ടെന്ന കാര്യം ഓര്‍ക്കുന്നതു നന്ന്‌. . ആരുടെയെങ്കിലും കുടുംബം കലക്കണമെന്ന തോന്നല്‍ ഇനിയുണ്ടാവരുത്‌. കര്‍മം പോലെ ഫലം എന്നു ഗുണപാഠം.

1/24/2008

നിളാ നദിക്കരയില്‍ ഇത്തിരി നേരം

ഹയര്‍സെക്കന്‍ഡറി കലോല്‍സവത്തിനു കുറ്റിപ്പുറം വേദിയാവുന്നു വെന്ന വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷം തോന്നി. പഴയ സുഹൃത്തുക്കളെ ഒരിക്കല്‍ കൂടി കാണാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ അവിടെയെത്തി. ആദ്യം കണ്ട കാഴ്‌ച അതിദയനീയമായിരുന്നു. ഇംഗ്ലീഷ്‌ പ്രസംഗമല്‍സരം നടക്കുന്ന വേദിക്കു മുന്നില്‍ കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുന്നു അന്‍വറും ശരതും സിറാജും സിദ്ധീഖും. നല്ല ടാലന്റുള്ള കുട്ടിയെന്ന്‌ പ്രസംഗിച്ചു കൊണ്ടിരുന്ന സുന്ദരിയെ നോക്കി സിറാജിന്റെ കമന്റ്‌. കൂടുതല്‍ സമയം നിന്നാല്‍ ഇവന്‍മാര്‍ രണ്ടക്ഷരം പഠിക്കുമോ എന്ന്‌ ഭയപ്പെടുക പോലുമുണ്ടായി.അങ്ങിനെ വല്ലതും സംഭവിച്ചാല്‍ IELTS കാരുടെ പണി പോവും. ഏതായാലും അടുത്ത യാത്ര നിളയിലേക്കായിരുന്നു. അററ കുററപണികള്‍ നടക്കുന്ന കുററിപ്പുറം പാലത്തിനു ചുവട്ടിലിരുന്നു വൈകും വരെ കത്തിവച്ചു. ജനങ്ങളുടെ ആരോഗ്യം കേടാക്കാനിറങ്ങിയ കുറേ ഗുളികക്കച്ചവടക്കാരും തലമുറകളെ നശിപ്പിക്കാനിറങ്ങിയ കുറേ ടീച്ചര്‍മാരുമാണ്‌ നമ്മുടെ കോളജിന്റെ സംഭാവന എന്നു പറഞ്ഞത്‌ അല്‍പ്പം ആവേശത്തോടെയായിരുന്നു. നാടിനെ നശിപ്പിക്കാനിറങ്ങിയ കുറേ പത്രക്കാരും ഉണ്ട്‌ എന്നൊരു പരാമര്‍ശം ചിരിപടര്‍ത്തി. ഇതിനിടയില്‍ അന്‍വറിന്റെ കാമറക്കണ്ണുകള്‍ ഇടക്കിടെ മിന്നിമറഞ്ഞു. എന്തായാലും വരാമെന്ന്‌ പറഞ്ഞ അണ്ണനെ കാണുന്നില്ല. വിളിച്ചു നോക്കിയപ്പോള്‍ പൊന്നാനിയിലെ ഏതോ തിയേറ്ററിലിരുന്ന്‌ ഭീമ കാണുകയാണ്‌ മഹാന്‍. ഒരുമാറ്റവും ഇപ്പോഴും മൂപ്പര്‍ക്ക്‌ സംഭവിച്ചിട്ടില്ല. സമയം അഞ്ചുമണി കഴിഞ്ഞതോടെ പോവാനുള്ള ധൃതിയായി. എങ്കില്‍ അങ്ങിനെയാവട്ടെ. കുറച്ച്‌ കഴിഞ്ഞപ്പോഴാണ്‌ ആ വാര്‍ത്തയറിഞ്ഞത്‌. ഞങ്ങളുടോ ചങ്ങാതിക്കൂട്ടം ആര്‍ത്തുല്ലസിച്ചിരുന്ന സ്ഥലത്തു നിന്നും അല്‍പ്പമകലെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഒരു കലാകാരന്‍ സൗഹൃദങ്ങളില്ലാത്ത ഒരു ലോകത്ത്‌ യാത്രയായിരിക്കുന്നു.

1/12/2008

ഓര്‍മകള്‍ അയവിറക്കാന്‍ അവര്‍ വീണ്ടുമെത്തി


ആതവനാട്‌: ഇക്കഴിഞ്ഞ ഡിസംബര്‍ 26ലെ സുപ്രഭാതം. ലോകത്ത്‌ പതിവിനു വിപരീതമായി ഒരു ചുക്കും നടന്നില്ലെങ്കിലും ഇന്ത്യാ മഹാരാജ്യത്തെ കൊച്ചു ഗ്രാമമായ കാര്‍ത്തല ദേശം അവരെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഒന്നര വര്‍ഷം മുമ്പ്‌ പടിയിറങ്ങിപ്പോയ മര്‍ക്കസ്‌ കോളജിലെ സ്വപ്‌ന സൗഹൃദക്കൂട്ടം ഒരിക്കല്‍ കൂടി അവിടെ ഒത്തുചേര്‍ന്നു. തിരക്കുകള്‍ പലരുടേയും യാത്ര മുടക്കിയെങ്കിലും എല്ലാവരും തൊട്ടടുത്തു തന്നെയുണ്ടെന്ന പ്രതീതിയില്‍ ഫോണ്‍ കോളുകള്‍ പ്രവഹിക്കുന്നുണ്ടായിരുന്നു. മര്‍ക്കസില്‍ നിന്ന്‌ കോഡൂര്‍ കുന്നുകളിലേക്ക്‌ ഒരു യാത്ര. അവിടെ കാത്തിരുന്ന എന്‍.എന്‍.എസ്‌ കുടുംബത്തിന്റെ സ്‌നേഹവായ്‌പുകളില്‍ മതിമറന്ന്‌ അവര്‍ ആ ദിവസം ഉല്‍സവമാക്കി. വീണ്ടും കാണാം, കാണണം എന്നൊക്കെ പ്രതിജ്ഞ ചെയ്‌ത സായാഹ്നത്തില്‍ യാത്ര ചോദിക്കുമ്പോള്‍ കൂട്ടിന്‌ ആ മനോഹര വരികളുണ്ടായിരുന്നു........."മതിയാവില്ലൊരു നാളിലും ഈ നല്ലൊരു ......''