10/11/2009

ഉപകാരപൂര്‍വം: സര്‍വശ്രീമതീ മന്ത്രി, മരുമകള്‍, നാത്തൂന്‍...


ഗാന്ധിപ്പാര്‍ട്ടിയെ ഇതേ പേരലറിയപ്പെടുന്ന കുടുബം തറവാട്ടു സ്വത്താക്കി വച്ചിരിക്കുകയാണെന്ന്‌ ഇക്കണ്ട കാലമത്രയും പറഞ്ഞുവന്നവരെയാണ്‌ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെന്ന്‌ വിളിക്കുന്നത്‌. അങ്ങനെയെങ്കില്‍ ഒന്നാം വിപ്ലവ പാര്‍ട്ടിയുടെ ദേശീയ മുശാവറയിലുള്ള വിരലിലെണ്ണാവുന്നവരില്‍ പുതിയാപ്പിളയും പൊണ്ടാട്ടിയുമുണ്ടല്ലോ എന്നൊക്കെ ചിലര്‍ തിരിച്ചടിക്കാനിരുന്നെങ്കിലും മുന്‍ എയര്‍ഹോസ്‌റ്റസിന്റെ കഴിവ്‌ കാണിച്ച്‌ സഖാക്കള്‍ ഒഴിവു കഴിവു പറയുമെന്നുറപ്പുള്ളതിനാല്‍ ആരും ആ സാഹസത്തിനു പിന്നാലെ പോയില്ല. അല്ലെങ്കിലും ആര്‍ക്കു വേണം പാര്‍ട്ടിക്കുപ്പായം? ഉള്ള സ്വാധീനം വച്ച്‌ എവിടെയെങ്കിലും കേറിപ്പറ്റിയാല്‍ പെന്‍ഷന്‍ പറ്റിയാലും പട്ടിണികിടക്കാതെ കിടക്കാം. ഗാന്ധിക്കാരും സമുദായക്കാരും എം.പി(മെബര്‍ ഓഫ്‌ പഞ്ചായത്ത്‌)പ്പണിയെങ്കിലും കിട്ടിയാല്‍ മതിയെന്ന്‌ പറഞ്ഞ്‌ കാലം കഴിക്കുമ്പോഴാണ്‌ സഖാക്കള്‍ വേണ്ടപ്പെട്ടവരെ പലയിടങ്ങളിലും കുത്തിക്കയറ്റുന്നത്‌. ആരോഗ്യ വകുപ്പില്‍ കണ്ടു വരുന്ന അനാരോഗ്യ പ്രവണതകളെ ഉദ്ദേശിച്ചാണ്‌ പറഞ്ഞു വരുന്നതെന്ന്‌ ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കില്‍ അവര്‍ക്കു തെറ്റി. മരുമകള്‍ എന്നു പറഞ്ഞാല്‍ അമ്മായി അമ്മയ്‌ക്ക്‌ ഭക്ഷണമുണ്ടാക്കി കൊടുക്കാന്‍ (ഫെമിനിസ്റ്റുകള്‍ ദയവായി ക്ഷമിക്കുക, അല്ലെങ്കില്‍ സഹിക്കുക) ഭരമേല്‍പ്പിക്കപ്പെട്ടവളാണ്‌. അതു കൊണ്ട്‌ അവരെ പേഴ്‌സനല്‍ സ്റ്റാഫില്‍ കുക്കായി നിയമിച്ചു. മരുമകന്റെ ജീവിതം പച്ച പിടിച്ചു കാണണമെന്ന്‌ ആഗ്രഹിക്കാത്ത എന്ത്ര മന്ത്രിമാരുണ്ട്‌ നാട്ടില്‍. നമ്മുടെ ശ്രീമാന്‍മാരും ശ്രീമതിമാരും ഇത്രയൊക്കെയല്ലേ ചെയ്‌തുള്ളൂ എന്നോര്‍ത്ത്‌ തല്‍ക്കാലം സമാധാനിക്കാം. വടക്കേ മലബാറില്‍ മരുമക്കത്തായം സര്‍വ സാധാരണമാണെന്നിരിക്കെ ഇവരെയൊക്കെ എക്കാലത്തും മന്ത്രി സഖാവിച്ചിയുടെ കൂടെത്തന്നെ കാണേണ്ടിയും വന്നേക്കാം.

10/07/2009

ഒരു ചങ്ങലയുടെ ക(ഷ്‌)ടപ്പാട്‌


സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന്‍ എല്ലായിടത്തും ചങ്ങലകളിലാണെന്ന്‌ പണ്ട്‌ റൂസ്സോ പറഞ്ഞതു നേരില്‍ക്കണ്ട്‌ ബോധിക്കാന്‍ കേരളീയന്‌ ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നു. സര്‍വരാജ്യ തൊഴിലാളികളോടു സ്വയം സംഘടിക്കാനാണ്‌ കമ്മ്യൂണിസ്‌റ്റ്‌ മാനിഫെസ്റ്റോയില്‍ മാര്‍ക്‌സും ഏംഗല്‍സും ആഹ്വാനംചെയ്‌തതെങ്കിലും അവരെ സംഘടിപ്പിക്കാന്‍ നടന്നു നടന്ന്‌ കന്നിമാസ മഴയത്തു പോലും വിയര്‍പ്പൊഴുക്കുകയായിരുന്നു വിപ്ലവ സഖാക്കള്‍. ആസിയാനുമായി കരാറൊപ്പിട്ട്‌ കേരളത്തിലെ കര്‍ഷകന്റെ ഇടനെഞ്ചില്‍ കയറി കിളച്ചു മറിക്കുന്ന ദേശീയ ഭരണാധികാരികളെയൊന്ന്‌ ചങ്ങലയ്‌ക്കിടണമെന്നു തോന്നിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്നാണു നിനച്ചത്‌. മുമ്പൊരു ആണവകരാറിന്റെ പേരില്‍ കേന്ദ്രത്തിനുള്ള പിന്തുണ പിന്‍വലിച്ചതു ചരിത്രപരമായ മറ്റൊരു വിഡ്‌ഢിത്തമായിപ്പോയോ എന്നു പിന്നീടു തോന്നിയെങ്കിലും ആസിയാന്‍ ഇത്തിരികൂടി സീരിയസ്സായതിനാല്‍ തെക്കുവടക്ക്‌ നടക്കുന്നവര്‍ വരെ കാസര്‍കോഡ്‌ നിന്ന്‌ അനന്തപുരിയിലേക്ക്‌ കണ്ണികളാവുമെന്നായിരുന്നു പ്രതീക്ഷ. അല്‍പ്പസ്വല്‍പ്പമൊക്കെ ഏച്ചുകൂട്ടല്‍ നടന്നെങ്കില്‍ പോലും വല്ലാതങ്ങ്‌ മുഴച്ചുനില്‍ക്കാതിരുന്നത്‌ ഭാഗ്യം. കണ്ണി പൊട്ടുന്നുണ്ടോയെന്നറിയാന്‍ സിന്‍ഡിക്കേറ്റ്‌ മാധ്യമരംഗത്തെ ചെറ്റകള്‍ കണ്ണുതുറന്നുവച്ച്‌ തല്‍സമയം കാണിക്കുന്ന കാലമാണേ. കൊലയും കൊള്ളയും കൊള്ളിവയ്‌പും പട്ടാപ്പകല്‍ പോലും സാധാരണമായ അവസ്ഥയില്‍പ്പോലും സംസ്‌കാരമുള്ളതും ഇല്ലാത്തതുമായ നായകരെത്തൊട്ട്‌ ബുദ്ധി(കൂടുതലുള്ളതും അല്‍പ്പസ്വല്‍പ്പം കുറവുള്ളതുമായ)ജീവികളെ വരെ കൂടെക്കൂട്ടാനായതും നേട്ടം. എന്നാലും എവിടെയോ എന്തോ ഒരു ന്യൂനത പോലെ. ങാ! പിടി കിട്ടി. സാന്‍ഡിയാഗോ മാര്‍ട്ടിന്‍, സേവി മനോമാത്യൂ, സന്തോഷ്‌ മാധവന്‍, ഓംപ്രകാശ്‌, പുത്തന്‍ പാലം രാജേഷ്‌.... തുടങ്ങിയവരെക്കൂടി അണിനിരത്തി പാര്‍ട്ടി തൊഴിലാളികളുടേതു മാത്രമല്ലെന്നു കാണിച്ചുകൊടുക്കാമായിരുന്നു. ശ്ശോ! പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലെന്നതിനാല്‍ ഇനി പറഞ്ഞിട്ട്‌ കാര്യമില്ല. ഭരണ സഖാക്കളുടെ ലക്കുംലഗാനുമില്ലാത്ത ഓട്ടം കണ്ട്‌ അപായച്ചങ്ങല വലിക്കാനൊരുങ്ങിയ പൊതുജനം ഈ ചങ്ങലയുടെ കരുത്തില്‍ മയങ്ങിയോ ആവോ? അതോ ലാവ്‌ലിന്‍, ഗുണ്ടാ ബന്ധം, ക്രമസമാധാനത്തകര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്ക്‌ പാര്‍ട്ടിയെ ചങ്ങലയ്‌ക്കിട്ടതാണെന്ന്‌ അവരെങ്ങാനും തെറ്റിദ്ധരിച്ചിട്ടുണ്ടാവുമോ എന്തോ? ആര്‍ക്കറിയാം.

9/19/2009

"കാലി"ബറുള്ളവര്‍ക്കെന്തിന്‌ മൂക്കുകയര്‍?

ലണ്ടനില്‍ ജനിച്ചതിനാലും അന്താരാഷ്ട്ര നിലവാരമുള്ള ഗാന്ധിപ്പാര്‍ട്ടിക്കാരനായതിനാലും ചാണ്ടിത്തലയന്‍മാര്‍ പോയിട്ട്‌ മാഡത്തിന്റെ വരെ കൊക്കിലൊതുങ്ങാത്തയാളാണ്‌ താനെന്ന്‌ വിദേശി മന്ത്രി ഇടക്കിടെ തെളിയിച്ചു കൊണ്ടിരിക്കുകയാണ്‌. തിരഞ്ഞെടുപ്പില്‍ ടിക്കറ്റിനായി പത്താംനമ്പര്‍ ജനപഥിന്റെ വാതില്‍ക്കല്‍ ചായ വിതരണക്കാരന്റെയും തൂപ്പുകാരന്റെയുമൊക്കെ വേഷത്തില്‍ പലരും കാത്തുകെട്ടി കിടന്നിട്ടും മലയാലം അരിയില്ലെന്നും സാംസ്‌കാരിക തലസ്ഥാനത്തിന്‌ അപമാനമാണെന്നും പറഞ്ഞ്‌ സാംസ്‌കാരിക നായകര്‍ വാളോങ്ങി നിന്നപ്പോഴാണ്‌ അനന്തപുരിയിലെ സ്ഥാനാര്‍ഥിത്വം ന്യൂയോര്‍ക്കില്‍ വച്ച്‌ തന്നെ തന്നെത്താനെയങ്ങ്‌ പ്രഖ്യാപിച്ചത്‌. പാര്‍ട്ടിയിലെ മണ്‍മറഞ്ഞ നേതാക്കളേക്കാള്‍ മോശക്കാര്‍ ലോകത്തില്ലെന്നും ജൂതഭരണകൂടത്തെയാണ്‌ മാതൃകയാക്കേണ്ടതെന്നും എഴുതിപ്പിടിപ്പിച്ച വിത്തിന്‌ അല്‍പ്പം വിളവു കൂടുതലാണെന്നും വച്ചു പൊറുപ്പിച്ചാല്‍ പണിയാവുമെന്നും ജനാധിപത്യ വിശ്വാസികള്‍ ആവും വിധം പറഞ്ഞു നോക്കിയതാണ്‌. ഏറ്റില്ലെന്ന്‌ മാത്രമല്ല കാവിക്കാരുടെ പെട്ടിയിലേക്കുള്ള ആയിരങ്ങള്‍ കൂടി വിലക്ക്‌ വാങ്ങിയ കോടീശ്വരന്‍ ലക്ഷത്തോടടുത്ത മെജോരിറ്റിക്ക്‌ ലക്ഷ്യത്തിലെത്തിയാണ്‌ തലസ്ഥാനത്തേക്ക്‌ പോയത്‌. സഹ പ്രവര്‍ത്തകര്‍ വണ്ടി കയറിയപ്പോള്‍ നമ്മളങ്ങ്‌ പറന്നുപോയി. പോയപോക്കില്‍ കൈയില്‍ കിട്ടിയത്‌ കൊള്ളാവുന്നൊരു വകുപ്പില്‍ മന്ത്രിപ്പണിയും. ജിംനേഷ്യവും സ്വകാര്യതയുമില്ലാത്തതിനാല്‍ മന്ത്രിമന്ദിരത്തേക്കാള്‍ ലാഭം പഞ്ചനക്ഷത്ര ഹോട്ടല്‍ തന്നെ. പാര്‍ട്ടിക്കാരുടെ അസൂയക്കും ധനകാര്യന്റെ തലയിലെ കഷണ്ടിക്കും ആരോഗ്യ വകുപ്പിന്റെ കൈയില്‍ മരുന്നില്ലാഞ്ഞതിനാല്‍ ഹോട്ടലൊഴിയേണ്ടി വന്നു. ആന മെലിഞ്ഞെന്ന്‌ കരുതി തൊഴുത്തില്‍ കിടക്കാനാവുമോ? ഇപ്പോഴിതാ കന്നുകാലി പരാമര്‍ശത്തിന്റെ പേരില്‍ തന്നെ തളയ്‌ക്കാന്‍ മൂക്കുകയറും പിടിച്ച്‌ ഒരു കൂട്ടം വിശുദ്ധ പശുക്കള്‍ തക്കം പാര്‍ത്തുനില്‍ക്കുന്നു. എന്നാലും ഈ കാള രാത്രികള്‍ എന്ന്‌ തീരുമെന്നാണ്‌ ഒരെത്തും പിടിയുമില്ലാത്തത്‌. അണ്ടര്‍ സെക്രട്ടറിയായിരുന്നെങ്കിലും അപ്പര്‍ പവറുള്ള സഭയിലെ പണിയായിരുന്നു എത്രയോ മെച്ചം ഇപ്പോള്‍ തോന്നുന്നു.

9/04/2009

വണ്ടീ വണ്ടീ നിന്നെപ്പോലെ...


സമുദായത്തിന്റെ കാര്യം പറയാന്‍ വേണ്ടി മാത്രമൊരു പാര്‍ട്ടി ഇന്ത്യാ മഹാരാജ്യത്ത്‌ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ വഖ്‌ഫിലും ഹജ്ജിലുമൊക്കെ വരട്ടുതത്വ നിരീശ്വരവാദികള്‍ ഇടപെടുന്നതില്‍ അവര്‍ക്ക്‌ ആശങ്ക തോന്നുക പച്ചപ്പരമാര്‍ഥം. അത്‌ കൊണ്ടാണ്‌ ഇത്തരം സ്ഥാനങ്ങള്‍ വിശ്വാസമുള്ളവരെത്തന്നെ ഏല്‍പ്പിക്കണമെന്ന്‌ അവര്‍ വാശി പിടിക്കുന്നത്‌. ഹജ്ജിന്റെയും ഉംറയുടേയുമൊക്കെ കാര്യം നോക്കാന്‍ സമുദായപ്പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനെത്തന്നെ ഭരമേല്‍പ്പിച്ചതില്‍ അതിനാല്‍ത്തന്നെ അധികമാരും കൊതിക്കെറുവ്‌ കാട്ടിയില്ല. മന്ത്രിമാര്‍ സ്വന്തം സംസ്ഥാനത്തിന്‌ വാരിക്കോരി കൊടുക്കുക എന്നതു നാട്ടു നടപ്പാണ്‌. ഹജ്ജിന്റെ കാര്യത്തില്‍ കേരളത്തിന്‌ അല്‍പ്പ സ്വല്‍പ്പം കൂടുതല്‍ കിട്ടിയെന്നതും നേര്‌. എന്നാല്‍ അതിലെ ഹഖും ബാതിലും നോക്കാതെയാണ്‌ ജംറയില്‍ ചെകുത്താനെയെന്ന പോലെ ചിലര്‍ പാര്‍ട്ടിയെ കല്ലെറിയുന്നതെന്നാണ്‌ പാണ്ടിക്കടവത്തിരുന്ന്‌ കാറ്റുകൊള്ളുന്നവര്‍ പറയുന്നത്‌. കേന്ദ്ര ഭരണത്തിന്റെ രണ്ടാം പക്കം തീവണ്ടികള്‍ക്ക്‌ പച്ചക്കൊടി കാട്ടാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ട നേതാവ്‌ കേരളത്തിലേക്ക്‌ കോച്ചും സീറ്റുമൊക്കെയുണ്ടാക്കുന്ന ഫാക്ടറിയും കൊണ്ടു വന്ന അന്നു തന്നെ മറ്റേ സീറ്റും ക്വാട്ടയും പറഞ്ഞ്‌ ദേശീയ ടി.വിക്കാര്‍ വന്നതിലെന്തോ ഒരിതില്ലേ എന്നാണ്‌ തങ്ങളുടെ ആളുകള്‍ ചോദിക്കുന്നത്‌. രാജി വച്ചു പുറത്തു പോവണം പോലും? ഇതിലും വലിയ വെള്ളിയാഴ്‌ചകളും പള്ളികളുമെത്രയോ കണ്ട കാര്യമോര്‍ക്കാതെ ആപ്പ ഊപ്പ വര്‍ത്താനം പറയുന്ന ഇവന്‍മാരൊക്കെ ഏത്‌ ലോകത്താണ്‌. എല്ലാത്തിനും വേണ്ടേ ഒരു വ്യവസ്ഥയും വെള്ളിയാഴ്‌ചയും. അല്ല പിന്നെ.

8/07/2009

മാന്ദ്യകാലത്തും പണികിട്ടും !


ഈ കോടതികള്‍ക്ക്‌ ഒന്നല്ല ഒരായിരം തവണയാണു ഭരണ വിപ്ലവപ്പാര്‍ട്ടി തോറ്റുകൊടുത്തത്‌. കൊള്ളാവുന്നൊരു നിയമമുണ്ടാക്കി സ്വാശ്രയ മുതലാളിമാരെ മൂലക്കിരുത്താമെന്നു വച്ചപ്പോ അതിലും തലയിട്ടു പൊളിച്ചു കൈയില്‍ തന്നു വിധികര്‍ത്താക്കള്‍. ഇപ്പോള്‍ റോഡിലൂടെ പോവുന്ന പിള്ളേരുപോലും വായില്‍ തോന്നുന്നതു വിളിച്ചുപറയുന്നതു കേള്‍ക്കേണ്ട ഗതികേടിലായി. ഏറ്റവും ഒടുവില്‍ ചില `വിവരദോഷങ്ങള്‍'?എഴുതി എഴുന്നള്ളിച്ച എന്‍ജിനീയറെ അങ്ങ്‌ തെലുങ്കുദേശത്തേക്കു നാടുകടത്താനിരുന്നതാണ്‌. എന്നിട്ടോ? പടച്ചവനെയും പടപ്പിനെയും പേടിയില്ലാത്ത ഞമ്മളെ ചൊറിയാന്‍ ചിലര്‍ കോര്‍ട്ട്‌ ഓഡറും കൊണ്ടു വന്നിരിക്കുന്നു. ഏതു നോട്ടുകെട്ടിലേക്കാണ്‌ ഇവര്‍ നോക്കിയതെന്നു പറഞ്ഞ്‌ വിവാദത്തിന്റെ പാലൊളി വിതറാനൊന്നും ഉനി നമ്മെ കിട്ടില്ലെങ്കിലും അങ്ങനെയങ്ങു വിട്ടുതരുന്ന യാതൊരു പ്രശ്‌നവും ഉദിക്കുന്നില്ല കെട്ടോ. ഓര്‍മയില്ലേ സ്വദേശാഭിമാനിയെ. ശ്രീമൂലത്തിനെതിരേ എഴുതിയതുമൂലം മൂപ്പരെയും പൊണ്ടാട്ടിയെയും മഹാരാജന്‍ മദ്രാസിലേക്കാണു പറഞ്ഞുവിട്ടത്‌. ഭരിക്കുന്നവനെ ഭരിക്കാന്‍ വന്നാല്‍ ഇങ്ങനെയിരിക്കും. തന്നെ എതിര്‍ത്തിരുന്നവരെ മുഴുവന്‍ കൊടും തണുപ്പുള്ള സൈബീരിയയിലേക്കു നാടുകടത്തിയാണു പണ്ട്‌ സ്റ്റാലിന്‍ സഖാവ്‌ പകരംവീട്ടിയത്‌. ഇനി വേഷംമാറി വല്ല മെക്‌സിക്കോയിലും കഴിഞ്ഞുകൂടാനാണു പരിപാടിയെങ്കില്‍ ട്രോട്‌സിക്കെതിരേ പ്രയോഗിച്ചതുപോലൊരൊന്നാന്തരം മഴു കണ്ണൂരില്‍ നിന്നിറക്കാനും മടിയില്ല. അതിനാല്‍ നാവടക്കി പണിയെടുത്തോളണം. ഇതിനാണ്‌ ഉത്തരവെന്നു മലയാളത്തില്‍ പറയുക. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലമാണിതെന്നും മറക്കണ്ട. പണിപോയാല്‍ പോയതു തന്നെ.

7/25/2009

പുതിയ പാഠം പടിക്കല്‍


കുട്ടിക്കുരങ്ങന്‍മാരെ തെരുവിലിറക്കി ചുടുചോറ്‌ മാന്തിച്ചതുകൊണ്ടാണ്‌ ഇങ്ങനെ ഞെളിഞ്ഞിരിക്കുന്നത്‌ എന്ന വല്ല വിചാരവും ഇവിടത്തെ `ബേബി'കള്‍ക്കും `കുട്ടി'കള്‍ക്കും `ബാലന്‍'മാര്‍ക്കുമുണ്ടോ? പഠിക്കാന്‍ പറ്റില്ലെന്നു തെളിയിച്ച നിങ്ങള്‍ക്ക്‌ അതു മുടക്കാനെങ്കിലും ഒരുമ്പെട്ടാലെന്താ എന്നു പറഞ്ഞ്‌ തലമൂത്തവര്‍ നല്‍കിയ ഉപദേശം വിപ്ലവക്കുഞ്ഞന്‍മാര്‍ തൊണ്ടതൊടാതെയല്ലേ പണ്ടു വിഴുങ്ങിയത്‌. കണ്ണില്‍ കണ്ടത്‌ തല്ലിപ്പൊട്ടിച്ചും പോലിസ്‌ ജീപ്പുകളും കെ.എസ്‌.ആര്‍.ടി.സി ബസ്സുകളും തിരിച്ചും മറിച്ചുമിട്ട്‌ കത്തിച്ചും അരങ്ങുവാണ നാളുകള്‍. കല്ല്‌, കട്ട, കരിഓയില്‍ തുടങ്ങിയവയ്‌ക്കായിരുന്നു ആവശ്യക്കാരേറെയും. മുന്നില്‍ കണ്ട പള്ളിക്കാരെയൊക്കെ പുള്ളിക്കാര്‍ കഴുത്തിനുപിടിച്ച്‌ ചെവിയില്‍ തെറിയും മന്ത്രിച്ചു വിട്ടു. അനന്തരം സമരംചെയ്യും സമരംചെയ്യും `ഭരണം'വരെയും സമരം ചെയ്യുമെന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുകയും ചെയ്യാനിരുന്നതാണ്‌. പക്ഷേ, കസേര കിട്ടിയ അന്നുമുതല്‍ ഇരിക്കപ്പൊറുതിയില്ലാതായ മന്ത്രിപുംഗവന്‍ ഇത്തരുണത്തില്‍ വിദ്യാഭ്യാസരംഗം കുളംതോണ്ടുമെന്നാരുകണ്ടു. ബേബികളല്ലേ, മതമില്ലാത്ത ജീവനല്ലേ കുറച്ചുകഴിയുമ്പോള്‍ നന്നായിക്കോളുമെന്നു കരുതി ഇത്രയും കാലം സഹിച്ചും പിടിച്ചുമൊക്കെ നിന്നു. ഇനി വയ്യ. യൂനിയന്‍ ഇലക്‌ഷനാണ്‌ കോളജിന്റെ ഗേറ്റിലെത്തി നില്‍ക്കുന്നത്‌. ഞാനൊന്നു മറിഞ്ഞില്ലേ എന്നു പറഞ്ഞിരുന്നാല്‍, പാഠം പലതും പഠിപ്പിച്ച്‌ ആണ്‍പിള്ളേരും പെണ്‍പിള്ളേരുമൊക്കെ സീറ്റും കൊണ്ട്‌ പോവും. അതുകൊണ്ട്‌ അറ്റകൈയാണെങ്കിലും സ്വന്തം സര്‍ക്കാരിനെയും മന്ത്രിമാരെയും നാലു വര്‍ത്തമാനം പറഞ്ഞിട്ടുതന്നെ കാര്യം. ഇപ്പോള്‍ അതൊരു ട്രെന്റായ സ്ഥിതിക്ക്‌ പബ്ലിസിറ്റിയുടെ കാര്യം ഓകെ. പോരാഞ്ഞ്‌ സ്വതന്ത്ര സംഘടനയെന്ന വിശേഷണംകൂടി അന്വര്‍ഥമാവുമ്പോള്‍ പഠിക്കാനിരുന്നവര്‍പോലും പോരാടാനുറച്ച്‌ കൂടെ കൂടിക്കൊള്ളും. പഠിപ്പുമുടക്കാനേ പഠിച്ചിട്ടുള്ളൂവെങ്കിലും ഇക്കൂട്ടര്‍ക്കു വിവരമില്ലെന്ന്‌ ഏത്‌ പിതൃശൂന്യനാണ്‌ അച്ചുനിരത്തിയത്‌?

4/27/2009

ഇതെന്തര്‌ ആരോ"പണം"


``നട്ടപ്പാതിര നേരത്ത്‌, വീട്ടില്‍ മുട്ടിവിളിച്ചിട്ട്‌, പത്തോ നൂറോ കൊടുത്തിട്ട്‌, കെട്ടിപ്പിടിച്ചു കരഞ്ഞിട്ട്‌...'' ഈ മുദ്രാവാക്യത്തിനൊരു പ്രത്യേകതയുണ്ട്‌. ഏതു പാര്‍ട്ടിക്കാര്‍ക്കും എതിരാളികള്‍ക്കേതിരേ വിളിക്കാമെന്നതാണത്‌. ``കാക്കിക്കുള്ളില്‍ പോലിസെങ്കില്‍ നിയമം ഞങ്ങള്‍ പാലിക്കും, കാക്കിക്കുള്ളില്‍ കാവിയെങ്കില്‍ നിയമം ഞങ്ങള്‍ക്കു പുല്ലാണ്‌'' എന്ന മുദ്രാവാക്യവും ഇക്കൂട്ടത്തില്‍പ്പെടുത്താം. കാവിക്ക്‌ പകരം ചുവപ്പ്‌, പച്ച എന്നിങ്ങനെ നിറം മാറ്റിക്കൊടുക്കണമെന്നു മാത്രം. പറയാന്‍ വന്നത്‌ പണത്തെപ്പറ്റിയായിരുന്നു. അതിനു മീതെ പരുന്ത്‌ പോയിട്ട്‌ കാന്തഹാറിലേക്കു `തീവ്രവാദികള്‍'ക്ക്‌ അകമ്പടി പോയ ജസ്വന്ത്‌ സിങിന്റെ വിമാനത്തിനു പോലും പറക്കാന്‍ ധൈര്യമില്ലാത്ത കാലത്ത്‌ പ്രചാരണരംഗത്തു നാലു തുട്ടാണ്‌ താരം. ആയതിനാല്‍ ജസ്വന്ത്‌ സി ങോ മുലായം സിങോ തുടര്‍ന്നും പണം വിതരണം ചെയ്‌താല്‍ അതു പെരുമാറ്റദൂഷ്യമോ പെരുമാറ്റച്ചട്ടലംഘനമോ ആയിക്കണ്ട്‌ ഇലക്‌ഷന്‍ കമ്മീഷന്‍ നോട്ടീസയക്കരുത്‌. ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കണമെന്ന്‌ ബൈബിളിലുണ്ട്‌. യേശുവിലാണെന്റെ വിശ്വാസം, കീശയിലാണെന്റെ ആശ്വാസം എന്നാണ്‌ ഈ തിരുവാക്യത്തെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്‌തത്‌. എന്നാല്‍, വരവില്‍ക്കവിഞ്ഞ സ്വത്ത്‌ കാരണം അലമാര നിറഞ്ഞുകവിഞ്ഞ പണമെടുത്ത്‌ നാട്ടിലെ പാവങ്ങള്‍ക്കു കൊടുക്കാന്‍ തയ്യാറായ മുലായത്തെപ്പോലുള്ളവരുടെ നല്ല മനസ്സ്‌ കമ്മീഷന്‍ സാര്‍ (കമ്മിസാറെന്നു വായിക്കരുത്‌) കാണാതെ പോവരുത്‌. തിരഞ്ഞെടുപ്പ്‌ സമയത്തു തന്നെ ഇതു വേണോ എന്നായിരിക്കും ചോദിക്കാന്‍ വരുന്നത്‌. കാറ്റുള്ളപ്പോഴല്ലേ മാഷേ തൂറ്റാനൊക്കൂ!

3/04/2009

വീണ്ടും ചില വീരചുര പരാക്രമങ്ങള്‍


കറ്റയേന്തിയ കര്‍ഷക സ്‌ത്രീക്ക്‌ അരിവാള്‍ ചുറ്റികയോട്‌ പഥ്യം തെല്ലുമില്ലെന്നു മാത്രമല്ല മുടിഞ്ഞ മുഹബ്ബത്താണെന്നും മണ്ണും പിണ്ണാക്കും തിരിയാത്തത്രത്തോളം കണ്ണിനു തിമിരം ബാധിച്ച മുത്തശ്ശിപ്പത്രക്കാര്‍ക്കു പോലുമറിയാം. അത്‌ കൊണ്ടാണ്‌ എടോ, എഡിറ്ററേ വിളികേട്ടപ്പോള്‍ പത്രമുതലാളിക്ക്‌ നെഞ്ചിടിപ്പ്‌ കൂടിയതും പുകഞ്ഞ കൊള്ളിയെ ന്യൂസ്‌ ഡസ്‌കിന്റെ ഏഴയലത്തു പോലും നിര്‍ത്താതെ പറഞ്ഞുവിട്ടതും. ഒറ്റയ്‌ക്കു നിന്നാല്‍ നൂറോട്ട്‌ പോലും തികച്ചു കിട്ടില്ലെന്ന ബോധ്യം ഈ വീരകുമാരന്‍മാര്‍ക്കു പണ്ടേയുണ്ട്‌. പ്രധാനമന്ത്രിപ്പണി വരെയെടുത്ത അഖിലേന്ത്യനെപ്പോലും കൈയൊഴിഞ്ഞ്‌ ഒരിക്കല്‍ പ്യുവര്‍ സെക്യുലറിസം തെളിയിച്ചു കൊടുത്തതാണ്‌. എന്നിട്ടും സ്വന്തം നാട്ടിലേക്കാണെങ്കിലും വണ്ടിക്കാശു പോലും തരാതെ പറഞ്ഞുവിടുന്നതില്‍ കഷ്ടമുണ്ട്‌ട്ടോ. ഈ വയസ്സാന്‍ കാലത്ത്‌ പടിയടച്ച്‌ പിണ്ടം വച്ചാല്‍ പുരനിറഞ്ഞ്‌ നില്‍ക്കുന്ന മോനെയും കൂട്ടി എവിടെപ്പോവാനാണ്‌. വീരാ, വീരാ നേതാവേ ധീരതയോട്‌ പൊയ്‌ക്കോളൂ, പത്തല്ല പതിനായിരമല്ല അഞ്ചെട്ടെണ്ണം പിന്നാലേ...എന്ന മുദ്രാവാക്യത്തിലെങ്ങാന്‍ മയങ്ങി ഇറങ്ങിപ്പോന്നാല്‍ മുമ്പൊരച്ചനും മോനുമുണ്ടായ അനുഭവമായിരിക്കില്ലേ ഫലം. മാനാഞ്ചിറ സ്‌ക്വയറും കടപ്പുറവും വിട്ട്‌ എങ്ങോട്ടുമില്ലെന്ന്‌ ഒന്ന്‌ വാശിപിടിച്ചു നോക്കാം. വല്ല്യേട്ടന്‍ സമ്മതിച്ചാലായി. അല്ലെങ്കില്‍ പ്രായം അനുവദിക്കുന്നില്ലെങ്കിലും ആവുന്ന മാതിരി ചുരം കയറേണ്ടി വരും. കടലും തീവണ്ടിയുമൊന്നുമില്ലാത്ത അവിടെ നല്ല കാടും കാറ്റുമൊക്കെയുണ്ട്‌. വാര്‍ധക്യത്തിലെങ്കിലും ശുദ്ധവായു ശ്വസിച്ച്‌ കാട്ടുതേനും കഷായവും സേവിച്ചു കിടക്കാനും വേണം ഒരു ഭാഗ്യം.

1/17/2009

ഞങ്ങടെ പൊന്നാണീ സീറ്റ്‌


അടുത്ത മെയില്‍ ജന്തര്‍ മന്ദറില്‍ മാര്‍ച്ച്‌ ചെയ്യുന്നത്‌ സഭയിലെ "പുതിയാപ്പിള"മാരാവുമെന്നു പറഞ്ഞാല്‍ അത്‌ ഏപ്രില്‍ ഫൂളാക്കി തള്ളേണ്ടതില്ല. എക്‌സ്‌പെരി ഡേറ്റ്‌ കഴിഞ്ഞ സ്ഥിതിക്ക്‌ യഥാസമയം ഇറങ്ങിപ്പോവാനും മനുഷ്യക്കടത്ത്‌ നടത്താനും വോട്ടിന്‌ കോഴ വാങ്ങാനുമൊക്കെയുള്ളവരെ തിരഞ്ഞെടുക്കുകമാത്രമേ നിര്‍വാഹമുള്ളൂ. പൊതുജനമാവട്ടെ അതിന്‌ എപ്പഴോ റെഡി. ആ യന്ത്രം മുന്നിലെത്തേണ്ട താമസം അരിവാളിനോ കോണിക്കോ എന്തിന്‌ താമരക്കു പോലും കുത്തി ശീലമുള്ളവര്‍ തിരിഞ്ഞുകുത്താതെ അവകാശം വിനിയോഗിക്കും. ഇവിടെ ടെഷന്‍ പാര്‍ട്ടി മേലാളന്‍മാര്‍ക്കാണ്‌. ആളെ നിര്‍ത്തിയാല്‍ ജയിക്കുമോ എന്നതല്ല ഇപ്പഴത്തെപ്പേടി. ആര്‍ക്കൊക്കെ എന്തൊക്കെ കൊടുക്കും. മുന്നൂറു സീറ്റില്‍ നില്‍ക്കാന്‍ കരുത്തുള്ള സമുദായപ്പാര്‍ട്ടി മൂന്നെണ്ണമേ ചോദിക്കുന്നുള്ളൂ. പണിക്കരേയും കുറുപ്പിനേയും വച്ച്‌ ഒന്നുമറിയാത്ത പോലെ പിള്ള ചൊറിയുന്നത്‌ കണ്ടാലറിയാം ആ മനസ്സില്‍ തെല്ലും കള്ളമില്ലെന്ന്‌. കിങിണിക്കുട്ടനാവട്ടെ അമ്മാത്തു കയറ്റാത്തതിനാല്‍ അച്ഛന്റെ വിളികേട്ട്‌്‌ ഇല്ലത്തിന്റെ പടിക്കലെത്തിയിട്ടുണ്ട്‌. റവല്യൂഷന്‍മാര്‍ക്കാകട്ടേ കൊടുത്തത്‌ കൊല്ലത്തു തന്നെ കിട്ടണം. എല്ലാത്തിനും പരിഹാരമുണ്ട്‌. പക്ഷെ ചില വെളിവില്ലാത്തവര്‍ ഇറങ്ങിയാലാണ്‌ കാര്യങ്ങള്‍ വഷളാവുക. കുറ്റിച്ചൂലാണ്‌ സാഹിബെങ്കിലും ജയിപ്പിച്ചു വിട്ടിരുന്ന ഒരിടത്ത്‌ അല്‍പ്പം പ്രതീക്ഷ വന്നപ്പോള്‍ സീറ്റ്‌ തട്ടാന്‍ തക്കം നോക്കുന്നത്‌ കമ്മ്യൂണിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രമല്ല. പഴയ തീപ്പൊരി ഉസ്‌താദിന്റെ ആളുകളെ നിര്‍ത്തി ജയിക്കാനാണ്‌ വല്ല്യേട്ടന്റെ നീക്കമെന്നറിയാം. ഡിമാന്റ്‌ ഒന്നെയുള്ളൂ ചിഹ്നത്തില്‍ നെല്‍ക്കതിര്‍ വേണം. എല്ലാവരും പാടത്തേക്കിറങ്ങുന്ന ഇക്കാലത്ത്‌ അത്‌ വിട്ടുകളിക്കുന്നത്‌ അല്‍പ്പം പാടാണ്‌ എന്നു തന്നെ പാടി നടന്നോളൂ.