2/01/2010

"പ്രതി"ശ്രുത വരനെതിരേ ടെന്നീസ്‌ കോര്‍ട്ട്‌ പ്രതിജ്ഞ


കേരളത്തിനു പുറത്തും കല്യാണം മുടക്കികളുണ്ടോ എന്ന ചോദ്യത്തിന്‌ "ഉണ്ടില്ല" എന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ലഭിച്ച ഉത്തരം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്‌ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെന്നീസ്‌ കളിക്കാരി. പണ്ട്‌ ഫ്രഞ്ച്‌ വിപ്ലവ കാലത്ത്‌ ലൂയി പതിനാറാമനെതിരേ അന്നാട്ടുകാര്‍ ടെന്നീസ്‌ കോര്‍ട്ടില്‍ വച്ച്‌ പ്രതിജ്ഞയെടുത്തതായി ചരിത്രമുണ്ട്‌. ഇവിടെ ഹൈദരാബാദുകാരി പ്രതിജ്ഞയെടുത്തത്‌ പ്രതിശ്രുത വരനെതിരേയാണ്‌. എയ്‌സുകള്‍ എയ്‌ത്‌ ശീലിച്ച ഒരു താരവും റിട്ടേണുകള്‍ ഇഷ്ടപ്പെടില്ലെന്നത്‌ സത്യം. സ്വാഭാവികമായും കളി നിര്‍ത്തി അച്ചടക്കമുള്ള വീട്ടമ്മയായി ഒതുങ്ങിക്കൂടണമെന്ന്‌ കെട്ടാന്‍ പോവുന്നയാള്‍ പറഞ്ഞപ്പോള്‍ മൂപ്പത്തിക്കത്‌ പിടിച്ചില്ല. കോടികള്‍ മുടക്കി കല്യാണം നിശ്ചയിച്ച്‌ വധു കളിക്കാനും വരന്‍ പഠിക്കാനും പോയപ്പോള്‍ തന്നെ എന്തോ പന്തികേട്‌ തോന്നിയതാണ്‌. അന്ന്‌ മലബാറില്‍ നിന്ന്‌ വരെ കല്യാണം മുടക്കികള്‍ നൈസാമിന്റെ നാട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയതായും വാര്‍ത്തയുണ്ടായിരുന്നു. പ്രശ്‌നം വ്യക്തിപരമാണെന്ന്‌ ഇരുവരും പറയുന്നുണ്ടെങ്കിലും കല്യാണം മുടക്കികളാരോ ഇതിനു പിന്നില്‍ കളിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക്‌ സംശയമേതുമില്ല. പുരുഷ താരങ്ങളോടൊപ്പം കോര്‍ട്ടിലിറങ്ങി മിക്‌സഡ്‌ ഡബിള്‍സ്‌ കളിക്കുന്നതു പോലയല്ലല്ലോ ജീവിതം. പരസ്‌പര വിശ്വാസമില്ലെങ്കില്‍, സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്‌ വിടാതെ സിംഗിള്‍സായി തുടരുന്നതായിരിക്കും കരിയറിന്‌ ഗുണം. വിശ്വാസം, അതല്ലേ എല്ലാം.