പൊന്നിലും പൊന്നായ പുന്നാരമോളെ കെട്ടിച്ചുവിടാന്‍ പാടുപെടുന്ന സാധാരണക്കാരനായ രക്ഷിതാവിന്റെ ഉള്ള ഉറക്കവും കളയാന്‍ ജോര്‍ജ് ബുഷിന്റെ നാട്ടില്‍ ഒരു പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ലോകത്തെ ഒന്നാംകിട സാമ്പത്തിക ശക്തികളിലൊന്നായ അമേരിക്കയിലെ വാണിജ്യസ്ഥാപനങ്ങള്‍ കുത്തുപാളയെടുത്തുകൊണ്ടിരിക്കുകയാണത്രെ. അമേരിക്കയല്ലെ പണ്ടാരമടങ്ങട്ടേ എന്നുപറഞ്ഞു തുള്ളിച്ചാടാന്‍ യാതൊരു വകുപ്പുമില്ല. അത്ര കിഴക്കല്ലല്ലോ പടിഞ്ഞാറ്.
പ്രതിശ്രുത വധുവിന്റെ സ്വഭാവം, സൗന്ദര്യം, കുടുംബപശ്ചാത്തലം ഇത്യാദികളെക്കാള്‍ പലര്‍ക്കും പ്രിയം ഈ മഞ്ഞലോഹത്തിനോടാണ്. അതുകൊണ്ടുതന്നെയാവണം ഓരോ ദിവസം പിന്നിടുംതോറും ജനകോടികളുടെ അസ്വസ്ഥ സ്ഥാപനമായി സ്വര്‍ണക്കടകള്‍ മാറുന്നത്. ഒറ്റ ദിവസംകൊണ്ട് 500ഉം 600ഉം രൂപകൂടി 10,000ത്തിലേക്കു കുതിച്ചുകൊണ്ടിരിക്കുകയാണു സ്വര്‍ണവില.
മരുമകള്‍ക്ക്, മക്കളും പേരക്കുട്ടികളുമൊക്കെയായിട്ടും അവളുടെ കെട്ടുതാലി ഒറിജിനലാണോ എന്ന സംശയം തീര്‍ക്കാന്‍ കഴുത്തിനു പിടിച്ച് ഉരച്ചുനോക്കുന്ന അമ്മായി അമ്മമാരുടെ ഇന്ത്യയാണിത്. ഒരുകാലത്തു താനും ഒരു മരുമകളായിരുന്നുവെന്ന വിചാരം ടി അമ്മായിഅമ്മയ്‌ക്കു തെല്ലുമില്ല. പെണ്‍വീട്ടുകാര്‍ കിടപ്പാടംപോലും വിറ്റു നല്‍കുന്നത് കണ്ട് പോരാ... പോരട്ടേ... എന്നു പറയാനേ ഇക്കൂട്ടര്‍ക്കറിയൂ. അതിനാലാണു മിക്ക ആത്മഹത്യാകേസുകളിലും സ്വര്‍ണം ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കുന്നത്.
സ്‌ത്രീധനമോ? ആത്മഹത്യയോ? ഞങ്ങളൊന്നുമറിഞ്ഞില്ലല്ലോ എന്നാണ് ഇവിടുത്തെ കാക്കത്തൊള്ളായിരം വരുന്ന സംഘടനാ തൊഴിലാളികളുടെയും വെപ്പ്. ഒരുപക്ഷേ, ഇക്കാര്യം പറഞ്ഞുചെന്നാല്‍ കൊടിപിടിക്കാനും നോട്ടിസ് ഒട്ടിക്കാനും കൂടെയുണ്ടായിരുന്നവര്‍ പിന്നെ ആ വഴിക്കു വരില്ല എന്ന ബോധ്യം കൊണ്ടാവാം ഇത്. വിലക്കയറ്റത്തിനും തീവ്രവാദത്തിനുമെതിരേ, പവര്‍കട്ടിനും ഭീകരവാദത്തിനുമെതിരേ പ്രചാരണങ്ങള്‍ ധാരാളം നടക്കുന്നുണ്ടല്ലോ. ഒരിക്കലെങ്കിലും സ്‌ത്രീധനത്തിനും തീവ്രവാദത്തിനുമെതിരേ പ്രചാരണമായിക്കൂടെ. അല്ലാതെ, ഇതിന്റെ പേരില്‍ ജോര്‍ജ് ബുഷ് രാജിവയ്‌ക്കണമെന്നും സ്വര്‍ണക്കടകള്‍ പൂട്ടണമെന്നും പറയുന്നതാണോ ബുദ്ധി.
No comments:
Post a Comment