ഷൊര്‍ണൂര്‍ ഒരു ജങ്‌ഷനാണ്. പിണറായിക്കാരന്റെ കണ്ണൂരില്‍ നിന്നും മുഖ്യന്റെ ആലപ്പുഴയില്‍ നിന്നുമൊക്കെ വരുന്ന വണ്ടികള്‍ ഇവിടെയെത്തിയാലാണ് അച്ചടക്കമില്ലായ്‌മ ശീലമാക്കിയ താടിക്കാരന്റെ സ്വന്തം പാലക്കാട്ടേക്കു തിരിയുക. അങ്ങനെ വരുമ്പോള്‍ ഇവര്‍ ഷൊര്‍ണൂരില്‍ വച്ച് മുഖാമുഖം കാണുന്നുണ്ടെന്ന കാര്യത്തില്‍ കാരാട്ടങ്കിളാദികള്‍ക്ക് നോ ഡൗട്ട്. പാര്‍ട്ടിയെ തകര്‍ക്കാന്‍ വര്‍ഗശത്രുക്കളില്‍ നിന്ന് അച്ചാരം വാങ്ങിയിറങ്ങിയ നഗരസഭാ കുലംകുത്തികളുടെ പ്രത്യയശാസ്‌ത്ര പോരാട്ടങ്ങളുടെ വണ്ടി തിരിയുന്നത് വടക്കോട്ടാണെന്നു വരുമ്പോഴാണ് ചെങ്കൊടി കാണിച്ച് നിര്‍ത്താന്‍ ചിലര്‍ ഒരുമ്പെടുന്നത്. എന്നിട്ടോ, വണ്ടി അതിന്റെ പാട്ടിന് പോവും. പോണാല്‍ പോവും പോകട്ടുമാ. പക്ഷെ, ഈ വിമതശിരോമണികളുടെയെല്ലാം കണ്‍കണ്ട മാര്‍ക്‌സായ മുഖ്യനെത്തന്നെ രാജ്യ തലസ്ഥാനത്ത് ഭീഷണി പോസ്‌റ്ററുകളുമായി സ്വീകരിച്ചാലോ? അപ്പോള്‍ കൊള്ളാത്തവരെ തള്ളേണ്ടിത്തന്നെ വരും. ഒരു കൂട്ടം മണ്ടന്‍മാര്‍ ചേര്‍ന്ന് ഒണ്ടാക്കിയാല്‍ തകര്‍ന്നു പോവുന്നതല്ല ഈ വിപ്ലവ പ്രസ്ഥാനമെന്ന് ഇടക്കിടെ ഓര്‍മിപ്പിക്കേണ്ടി വരുന്നതില്‍ കഷ്ടമുണ്ട്‌ട്ടോ. എടോ, വികസന സമിതിക്കാരാ താനേത് നാട്ടുകാരനാടോ?
12/22/2008
12/20/2008
വെരി ഇംപോര്‍ട്ടന്റ് പൂച്ച
ജനാധിപത്യത്തിന്റെ മിനി ശ്രീകോവിലില്‍ പട്ടി സ്ഥലംപിടിച്ചതിന്റെ മൂന്നാംനാളിലാണെന്നു തോന്നുന്നു, പൂച്ചയുടെ ഉള്ളിലൊരു മോഹമുദിച്ചത്. ഇവന്‍മാരെ ഒന്നു മാന്തിപ്പൊളിക്കണം. പക്ഷെ ഫയലിരിക്കുന്നിടത്തു പൂച്ചയ്‌ക്കെന്തു കാര്യം എന്ന മട്ടിലായിരുന്നു ചില വി.ഐ.പികള്‍. എലിയെ പേടിച്ച് മൂന്നാറിലെ ഇല്ലങ്ങള്‍ ഓരോന്നായി ചൂടാന്‍ ഭാരമേല്‍പ്പിക്കപ്പെട്ടതിന്റെ ചരിത്രം രോമത്തിനുള്ളില്‍ ഒളിപ്പിക്കുന്ന പൂച്ചയ്‌ക്കു നാലുകാലിലേ വീഴൂ എന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അതിനാലാവണം ഉള്ളില്‍ നാളേറെയായി കാച്ചിവച്ച പാല്‍ പുളിച്ചു തികട്ടി പുറത്തുചാടിച്ചത്. ഇതുകണ്ട സ്വന്തം യജമാനന്‍ പോലും വെറുത്തതിനാല്‍ പൂച്ച എലിയെ അനുകരിച്ചു മാളത്തിലൊളിക്കുമെന്നു തെറ്റിദ്ധരിച്ചവര്‍ക്കു തെറ്റി. ഇത് ഒരു സുപ്രഭാതത്തില്‍ പുലി പൂച്ചയായി മാറിയതല്ല. കിളിരൂരില്‍ നിന്ന് ഊരിപ്പോരാന്‍ കളിക്കുന്ന ചില ചെല്ലക്കിളികളെ കണ്ടു പഞ്ചപുച്ഛമടക്കുന്ന പൂച്ചപ്പോലിസുമല്ല. കഴുത്തില്‍ ഐ.എ.എസ് എന്ന ബോര്‍ഡ് വച്ചിട്ടില്ലെങ്കിലും നല്ല ഒന്നാന്തരം ഐ.എ.എസ് പൂച്ച തന്നെയാണ്. ഓര്‍ത്തുകളിച്ചാല്‍ നന്ന്. വിരലുകള്‍ക്കിടയില്‍ ഒളിപ്പിച്ച കൂര്‍ത്ത നഖങ്ങള്‍ ആവശ്യത്തിനു മാത്രം പുറത്തെടുത്ത ശീലമേ ഉള്ളൂ. പണ്ടു നെപ്പോളിയന്റെ പോലും പേടി സ്വപ്‌നമായിരുന്നവരുടെ ഗണത്തിലാണിതിന്റെ സ്ഥാനം. മന്ത്രിക്കൊച്ചമ്മേ പൂച്ച പൂച്ച.
12/12/2008
'ഭൗ'മാന്യനായ പട്ടി അവര്‍കളേ..
നായയും പട്ടിയുമൊക്കെ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്നിറങ്ങി മലയാളിയുടെ സ്വീകരണമുറികളിലെ സ്ഥിരം സന്ദര്‍ശകരായെത്തിയിട്ട് കാലമേറെയായിട്ടില്ല. വിശ്വവിഖ്യാതമായ നാക്കിനുടമയായ ഒരു മന്ത്രിപുംഗവനാണ് അത്യാധുനിക കേരളത്തില്‍ പട്ടിപ്രയോഗത്തിനു തുടക്കമിട്ടതെന്നാണു പ്രതിപക്ഷ പക്ഷം. പട്ടിയുടെ കഴുത്തില്‍ ഐ.എ.എസ് എന്നെഴുതി തൂക്കിയാല്‍ പട്ടി ഐ.എ.എസാവില്ല, സമ്മതിച്ചു. പക്ഷേ, ഒരു വിശ്വസാഹിത്യകാരിയോട് അധികം കുരയ്‌ക്കേണ്ട എന്നൊക്കെപ്പറഞ്ഞാല്‍... അതോടെ സധാകുരന്‍ എന്ന ചീത്തപ്പേരും അങ്ങേര്‍ക്കുകിട്ടി. `....ന്റെ മോനെ' എന്നു വിളിച്ചാലാണു കുഴപ്പമെന്നും `ശുനകപുത്രാ' എന്ന് അഭിസംബോധന ചെയ്യുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു ആസ്ഥാന ബു.ജിയുടെ ഉപദേശം. കാര്യം ഏതൊരുത്തന്റെയും മുഖത്ത് നോക്കി പറയുകയും വേണം. ഇപ്പോഴിതാ എവിടെ നിന്നോ ഒരു കുര കേട്ടപോലെ. ഒരുപക്ഷേ ആരെങ്കിലും ചുമച്ചതായിരിക്കാം. ഇനി കുരച്ചതാണെങ്കില്‍ തന്നെ കടിക്കില്ലെന്നോര്‍ത്ത് സമാധാനിക്കുകയും ചെയ്യാം. എവിടെപ്പോയാലും നക്കിയേ കുടിക്കൂ എന്നു തെളിയിക്കുന്ന ചിലരുടെ പ്രതികരണങ്ങളും വാലുപോലെയെത്തി. അപ്പാടെ മോങ്ങാനിരുന്ന ആരുടെയോ തലയില്‍ തേങ്ങ വീണ മയം. പറഞ്ഞ ആളു പോട്ടെ, ഇരിക്കുന്ന ചെയറെങ്കിലും പരിഗണിച്ചു വേണ്ടേ കഴുത്തില്‍ ബോര്‍ഡ് തൂക്കി നഗരം ചുറ്റിക്കാന്‍. പന്തീരായിരം കൊല്ലം കുഴലിലിട്ടാലും നിവരാത്ത വാലാണ് ഇത്തരക്കാര്‍ക്ക് വച്ചുപിടിപ്പിച്ചിരിക്കുന്നതെന്നതിനാല്‍ ഉപദേശിച്ചു നന്നാക്കാനാവുമെന്ന തോന്നലുവേണ്ട. നല്ലത് ആര്‍ക്കോ പറ്റില്ലെന്നൊരു ചൊല്ലുമുണ്ടല്ലോ.
Subscribe to:
Comments (Atom)