ഇറാഖീ ചെറുത്തുനില്‍പ്പിന്റെ മുഖ്യധാരയായ ഇറാഖ് ഇസ്‌ലാമികസൈന്യത്തിന്റെ നേതാവ് മുഹമ്മദ് അല്‍ശമ്മാരിയുമായി അല്‍ജസീറ ലേഖകന്‍ അഹ്‌മദ് മന്‍സൂര്‍ നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍:(23-05-08ന് തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മലയാളം വിവര്‍ത്തനം)
ചോ:സൈനികരുടെ എണ്ണം കൂട്ടിയതോടെ ഇറാഖില്‍ സ്ഥിതിഗതികള്‍ അനുകൂലമായെന്നാണല്ലോ പെട്രോസ് പറയുന്നത്? ഉത്തരം: പെട്രോസിന് (അമേരിക്കന്‍ സേനാതലവന്‍) ഇറാഖില്‍ യാതൊരു മുന്നേറ്റവുമുണ്ടാക്കാന്‍ പറ്റിയിട്ടില്ല. കൂട്ടനശീകരണ ആയുധങ്ങള്‍ ഇവിടെയുണ്ട് എന്നു തുടങ്ങി ബുഷ് പറഞ്ഞ നുണപരമ്പരകളില്‍ ഒന്നുമാത്രമാണത്. അധിനിവേശസേനയ്‌ക്കു യാതൊരു പുരോഗതിയും ഉണ്ടായില്ല. അധിനിവേശം അവസാനിപ്പിക്കുക എന്നനയത്തില്‍ നിന്നു ചെറുത്തുനില്‍പ്പുപ്രസ്ഥാനം പിറകോട്ടടിച്ചിട്ടില്ല. പോരാട്ടതന്ത്രം മാറ്റിയ ചെറുത്തുനില്‍പ്പുപ്രസ്ഥാനത്തിന്റെ നയം പഴയതുതന്നെയാണ്. നവംബറില്‍ തിരഞ്ഞെടുപ്പു നടക്കുന്നതിനു മുമ്പ് അല്‍പ്പം ശാന്തതയുണ്ടാക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹം. എന്നാല്‍ അധിനിവേശവിരുദ്ധ പോരാട്ടം ഏതുസമയത്താണു രൂക്ഷമാക്കേണ്ടതെന്നു ചെറുത്തുനില്‍പ്പുപ്രസ്ഥാനം തീരുമാനിക്കും. അതു ചിലപ്പോള്‍ പല നിര്‍ണായക ഘട്ടങ്ങളിലുമായിരിക്കും. എങ്ങനെ, എപ്പോള്‍ എന്നെല്ലാം തീരുമാനിക്കുന്നതു പ്രസ്ഥാനമാണ്.
ചോ: യു.എസ് സൈന്യത്തിനെതിരായ ആക്രമണങ്ങളില്‍ കുറവുണ്ടായതിനെപ്പറ്റി?
ഉ: ഇപ്പോള്‍ കാണുന്ന കുറവ് ദൗര്‍ബല്യമായി കണക്കാക്കേണ്ട. യാഥാര്‍ഥ്യബോധവും പ്രായോഗികബുദ്ധിയും ഉള്ളവരുടെ പ്രസ്ഥാനമാണു ഞങ്ങളുടേത്. അല്‍ഖാഇദ, സഹ്‌വ, ശിയാ മിലീഷ്യ തുടങ്ങിയ ഘടകങ്ങള്‍ രംഗത്തെത്തിയതോടെ രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടായി. കാലാനുസൃതമായ മാറ്റങ്ങള്‍ ഞങ്ങളും സ്വീകരിക്കുന്നു. ചെറുത്തുനില്‍പ്പുപ്രസ്ഥാനത്തെ `ശുദ്ധീകരിക്കാന്‍' നിരവധി ശ്രമങ്ങള്‍ അധിനിവേശക്കാരും മറ്റുള്ളവരുമെല്ലാം നടത്തിവരുകയാണ്. സത്യത്തില്‍ ശിയാ മിലീഷ്യകളെ അമേരിക്കയാണു പിന്തുണയ്‌ക്കുന്നത്. അങ്ങനെ ഞങ്ങളെ ദുര്‍ബലമാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇരട്ട അധിനിവേശമാണു നമ്മള്‍ നേരിടുന്നതെന്നോര്‍ക്കണം. അമേരിക്കയും ഇറാനും നമ്മെ അധീനപ്പെടുത്തിയിരിക്കുകയാണെന്നാണു മുമ്പും ഇപ്പോഴും ഞങ്ങള്‍ ആവര്‍ത്തിക്കുന്നത്.
ചോ: സുന്നീ വിഭാഗീയചിന്താഗതിക്കാരാണു നിങ്ങളെന്നാണല്ലോ ആരോപണം?
ഉ: പലയിടങ്ങളിലും ശിയാക്കളെ അവരുടെ തന്നെ കൊലയാളിക്കൂട്ടങ്ങളില്‍ നിന്നു രക്ഷിക്കുന്നതു ഞങ്ങളാണ്. സാധാരണക്കാര്‍ക്കെതിരായ അതിക്രമങ്ങളെ ഞങ്ങള്‍ എന്നും അപലപിക്കുന്നുണ്ട്. നിരപരാധികള്‍ നിറഞ്ഞ മാര്‍ക്കറ്റുകളില്‍ ഞങ്ങള്‍ സ്‌ഫോടനം നടത്തില്ല. ഞങ്ങള്‍ക്കു ചീത്തപ്പേരുണ്ടാക്കാന്‍ അധിനിവേശകര്‍ പയറ്റുന്ന തന്ത്രമാണിത്. ഇറാഖീ സിവിലിയന്‍മാര്‍ക്കു നേരെയുണ്ടാവുന്ന കാര്‍ബോംബ് സ്‌ഫോടനവും തലയറുക്കലുമെല്ലാം അവരുടെ പ്രവൃത്തികളാണ്. കൂലിപ്പട്ടാളക്കാരും മൊസാദും ഇറാനിയന്‍ സായുധസേനയും അവരുടെ കൂട്ടാളികളുമൊക്കെ ഇതിനു പിന്നിലുണ്ട്. ചെക് പോയിന്റുകളില്‍ പരിശോധനയ്‌ക്കായി നിര്‍ത്തിയിടുന്ന കാറുകളില്‍ ഉടമയറിയാതെ അവര്‍ ബോംബ് വയ്‌ക്കുന്നതു നിത്യസംഭവമാണ്. ചെറുത്തുനില്‍പ്പുപോരാളികള്‍ അതു ചെയ്യില്ല. മുഴുവന്‍ ഇറാഖികളെയും ഞങ്ങള്‍ക്കു വേണം. ഞങ്ങള്‍ക്കു ശക്തിയും പിന്തുണയും നല്‍കുന്നത് അവരാണ്. അത്തരക്കാരെ എങ്ങനെയാണു ഞങ്ങള്‍ ലക്ഷ്യമിടുക? അമേരിക്കന്‍-ഇറാനിയന്‍ അധിനിവേശവിരുദ്ധ ചെറുത്തുനില്‍പ്പുപ്രസ്ഥാനമാണിത്. ഇറാഖീ ജനതയ്‌ക്കെതിരേ ഉള്ളതല്ല. സ്വന്തം ആളുകളെ കശാപ്പു ചെയ്യാന്‍ ഞങ്ങള്‍ക്കെങ്ങനെ കഴിയും? ഇറാനും യു.എസും പിന്തുണയ്‌ക്കുന്നവരാണ് ആഭ്യന്തരയുദ്ധവും വിഭാഗീയപ്രവര്‍ത്തനങ്ങളും തുടങ്ങിയത്. ശിയാക്കളെയല്ല മറിച്ച്, ഇറാന്‍ അണിനിരത്തുന്ന അര്‍ധസൈനിക സംഘങ്ങളെയാണു ഞങ്ങള്‍ കുറ്റപ്പെടുത്തുന്നത്. അറബ് ശിയാക്കളില്‍ നല്ലൊരു വിഭാഗവും ഇതേക്കുറിച്ചു ബോധവാന്‍മാരാണ്. തെക്കന്‍മേഖലയിലെ നിരവധി ശിയാ ഗോത്രങ്ങള്‍ ഇറാനിയന്‍ ഇടപെടലിനെതിരേ രംഗത്തുവന്നിട്ടുണ്ട്. ഇത്തരം സായുധസേനകളെയും ഇറാനിയന്‍ സ്വാധീനത്തെയും അവര്‍ നിരാകരിക്കുന്നുണ്ട്. തങ്ങളെ അനുസരിക്കാത്തവരെ അവിശ്വാസികള്‍ എന്നു വിളിച്ചു ഭീകരരാക്കുകയാണ് ഇത്തരം ഛിദ്രശക്തികളുടെ നേതാക്കളും മതപ്രതിനിധികളും ചെയ്യുന്നത്. ശിയാക്കളുമായുള്ള ഞങ്ങളുടെ ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുന്നവയാണ്. ഞങ്ങള്‍ അവര്‍ക്കെതിരല്ല. ഇറാന്റെ പിന്തുണയുള്ള വിഭാഗീയ ചിന്താഗതിക്കാരെയും സായുധസേനകളെയും എതിര്‍ക്കുക മാത്രമാണു ഞങ്ങള്‍ ചെയ്യുന്നത്. ഇറാഖിനെയും മുഴുവന്‍ ഇറാഖികളെയും അധിനിവേശത്തില്‍ നിന്നു മുക്തരാക്കുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം. സുന്നികളെ മാത്രം സ്വതന്ത്രരാക്കാന്‍ വേണ്ടിയല്ല ഞങ്ങളുടെ പ്രവര്‍ത്തനം. ഇതൊരിക്കലും ഒരു സുന്നീ പദ്ധതിയല്ല. അത്തരം സങ്കുചിതചിന്തകള്‍ ഞങ്ങള്‍ക്കില്ലതാനും.
ചോ: പക്ഷേ, ചെറുത്തുനില്‍പ്പുപ്രസ്ഥാനത്തില്‍ ഭൂരിഭാഗവും സുന്നികളല്ലേ?
ഉ: അതു സ്വാഭാവികമാണ്. ആക്രമണം നടത്തി അധിനിവേശം സ്ഥാപിച്ച അമേരിക്കയാണു ശിയാ വിഭാഗീയസംഘടനകളെയും സായുധസേനകളെയുമെല്ലാം കൊണ്ടുവന്നത്. വിഭാഗീയതയുടെയും വംശീയതയുടെയും പേരില്‍ ഇറാഖിനെ വെട്ടിമുറിക്കുന്നത് അമേരിക്കയാണ്. അവര്‍ സുന്നികളും ശിയാക്കളുമെന്നും അറബികളെന്നും കുര്‍ദുകളെന്നും ഇറാഖികളെ തരംതിരിച്ചു. ഇറാഖീ ജനതയിലെ സുന്നീ പ്രാതിനിധ്യം വെറും 20 ശതമാനമാണെന്നാണ് അമേരിക്ക പറയുന്നത്. ഇതു മറ്റൊരു നുണയാണ്. യഥാര്‍ഥത്തില്‍ ജനസംഖ്യയുടെ 43 ശതമാനം അറബ്‌സുന്നികളാണ്. കുര്‍ദുകളിലും ഭൂരിപക്ഷം സുന്നികള്‍ക്കാണ്. അങ്ങനെ നോക്കുമ്പോള്‍ സുന്നികള്‍ ഇറാഖീ ജനസംഖ്യയുടെ 55 ശതമാനം വരും. സുന്നികളെ ഇത്തരത്തില്‍ ന്യൂനപക്ഷമാക്കി അവതരിപ്പിച്ചാല്‍ `ജനാധിപത്യപ്രക്രിയ'യില്‍ നിന്ന് അവഗണിച്ചുകളയാമെന്നാണ് അമേരിക്ക കരുതിയത്. ഇറാഖില്‍ ഫെഡറലിസം എന്നാല്‍ ഭിന്നിപ്പിക്കലാണ്.അല്‍ഖാഇദയുമായി ഞങ്ങള്‍ക്കു ഭിന്നതയും തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. ഞങ്ങളുടെ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, സിവിലിയന്‍മാര്‍, ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ മാതൃരാജ്യത്തിനായി പോരാടിയ സൈനിക ഓഫിസര്‍മാര്‍ എന്നിവരെയെല്ലാം അല്‍ഖാഇദ എന്ന പേരില്‍ ചിലര്‍ ആക്രമിക്കുന്നു. ഈ നിഗൂഢപ്രവൃത്തികള്‍, എന്താണ് അവരുടെ ഒളിയജണ്ട എന്നതിലേക്കു നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു.അതുപോലെത്തന്നെ, സുന്നികളെയും ശിയാക്കളെയുമെല്ലാം അവിശ്വാസികളെന്നു മുദ്രകുത്തുന്ന അവരുടെ നടപടിയും ഞങ്ങള്‍ക്ക് അസ്വീകാര്യമാണ്. സുന്നികള്‍ക്കിടയിലും ഭിന്നിപ്പുണ്ടാക്കാന്‍ അവര്‍ നീക്കം നടത്തി. അവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഇതു ഞങ്ങളില്‍ സംശയമുണ്ടാക്കുന്നു. ഞങ്ങളുടെ ചെറുത്തുനില്‍പ്പുപോരാളികളെപ്പോലും അവര്‍ ആക്രമിക്കുകയുണ്ടായി. അവരുമായി നേരിട്ടു യുദ്ധം ചെയ്യുക എന്നതു ഞങ്ങളുടെ നയമല്ല. എന്നാല്‍ ഏതാക്രമണങ്ങളെയും പ്രതിരോധിക്കും. ശത്രുത അവസാനിപ്പിച്ച് അവരെ സന്മാര്‍ഗത്തിലേക്കു നയിക്കണേ എന്നാണു പ്രാര്‍ഥന.
ചോ: മഹ്‌ദി സേനയുമായി ബന്ധപ്പെട്ടു ബസ്‌റയിലുണ്ടായ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ നോക്കുക. ഈ ശിയാ പ്രതിരോധവും ചെറുത്തുനില്‍പ്പുപ്രസ്ഥാനത്തിന്റെ അതേ പാതയിലാണെന്നു കരുതുന്നുണ്ടോ? അവര്‍ മാലികിക്കും അധിനിവേശത്തിനും എതിരാണോ?
ഉ: 2004ല്‍ നജഫില്‍ തുടങ്ങിയ മുഖ്‌തദാ അല്‍സദറിന്റെ പോരാട്ടം അതിന്റെ ഏറ്റവും ആദ്യത്തില്‍ അധിനിവേശത്തിനെതിരേയായിരുന്നു. ഇറാനുമായി കൂട്ടുകൂടി മുഖ്‌തദയും കൂട്ടരും തങ്ങളുടെ അധിനിവേശവിരുദ്ധതയില്‍ വെള്ളം ചേര്‍ക്കുന്നതുവരെ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുകയും പ്രോല്‍സാഹിപ്പിക്കുകയുമുണ്ടായി. ഇപ്പോള്‍ നടക്കുന്ന വിഭാഗീയപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തമുള്ള മോശം സായുധസേനാ വിഭാഗമായാണു മഹ്‌ദി സേനയെ ഞങ്ങള്‍ കാണുന്നത്. അല്‍മാലികിക്കു വേണ്ടി വോട്ട് ചെയ്‌ത മുഖ്‌തദയും അദ്ദേഹത്തിന്റെ ആളുകളും കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി രാഷ്ട്രീയപ്രക്രിയയില്‍ ഏര്‍പ്പെടുന്നുവെന്നതാണു യാഥാര്‍ഥ്യം. അഞ്ചുവര്‍ഷം കഴിഞ്ഞ് ഇപ്പോഴാണോ അവര്‍ അധിനിവേശത്തെയും പ്രതിരോധത്തെയും പറ്റി ഓര്‍ത്തത്? മാലികിയുമായും ബദ്‌ര്‍ ബ്രിഗേഡുമായും സദറിനുള്ള തര്‍ക്കം പ്രവിശ്യാതിരഞ്ഞെടുപ്പിന്റെ പേരിലും എണ്ണസമ്പത്തു കൈകാര്യം ചെയ്യുന്ന കാര്യത്തിലുമാണ്.ചെറുത്തുനില്‍പ്പുപ്രസ്ഥാനത്തിന്റെ ഭാഗമാവാന്‍ മുഖ്‌തദാ അല്‍സദര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇറാഖികളെ പുറന്തള്ളുകയും അഭയാര്‍ഥികളാക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണം. പള്ളികള്‍ക്കു ബോംബിടുന്നതും ഭിന്നതയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നിര്‍ത്തണം. ഇന്നുവരെ അദ്ദേഹം അതിനു തയ്യാറായിട്ടില്ല.അധിനിവേശത്തില്‍ നിന്നു രൂപംകൊണ്ട ഈ പാവസര്‍ക്കാരിനെ ഞങ്ങള്‍ അംഗീകരിക്കുകയോ അവരുമായി സഹകരിക്കുകയോ ഇല്ല. മാലികി സര്‍ക്കാര്‍ പ്രത്യക്ഷത്തില്‍ അമേരിക്കയ്‌ക്കും പരോക്ഷമായി ഇറാനും അനുകൂലമാണ്. അതിനാല്‍ത്തന്നെ അഹ്‌മദി നജാദിന്റെ ഇറാന്‍ സന്ദര്‍ശനം ഞങ്ങളെ അദ്‌ഭുതപ്പെടുത്തിയില്ല. ഇത് ഇരട്ട അധിനിവേശം (അമേരിക്കന്‍-ഇറാനിയന്‍) ആണെന്നാണു ഞങ്ങള്‍ മുമ്പേ പറയുകയും ഇപ്പോഴും ആവര്‍ത്തിക്കുകയും ചെയ്യുന്നത്. ഇറാഖിലെയും അഫ്‌ഗാനിസ്‌താനിലെയും മുതലാളിത്ത താല്‍പ്പര്യങ്ങളുടെ കാര്യത്തില്‍ ഇറാനും അമേരിക്കയും യോജിക്കുന്നുണ്ട്. ഇറാഖിനെ അധീനപ്പെടുത്തുക എന്ന തങ്ങളുടെ മുതലാളിത്ത അജണ്ട നടപ്പാക്കാന്‍ വേണ്ടി ഭൂമിശാസ്‌ത്രപരമായ അടുപ്പവും ഇറാഖീ ശിയാക്കളുടെ മേലുള്ള മതപരമായ സ്വാധീനവും ഇറാന്‍ അവസരത്തിനൊത്ത് ഉപയോഗപ്പെടുത്തുകയായിരുന്നു. എട്ടുവര്‍ഷത്തെ രക്തരൂഷിതമായ യുദ്ധത്തില്‍ ഇറാഖില്‍ നിന്നു പിടിച്ചെടുക്കാന്‍ കഴിയാത്തതെല്ലാം അമേരിക്കന്‍ ബാനറില്‍ ഇറാന്‍ നേടിയെടുത്തു. ഇറാഖിലെ യഥാര്‍ഥ വിജയി ഇറാനാണ്. എന്നാല്‍, ആത്യന്തികമായി അവര്‍ ഒരു അയല്‍രാഷ്ട്രമാണ്.
വിവ: കെ പി എം റിയാസ്