
``നട്ടപ്പാതിര നേരത്ത്, വീട്ടില്‍ മുട്ടിവിളിച്ചിട്ട്, പത്തോ നൂറോ കൊടുത്തിട്ട്, കെട്ടിപ്പിടിച്ചു കരഞ്ഞിട്ട്...'' ഈ മുദ്രാവാക്യത്തിനൊരു പ്രത്യേകതയുണ്ട്. ഏതു പാര്‍ട്ടിക്കാര്‍ക്കും എതിരാളികള്‍ക്കേതിരേ വിളിക്കാമെന്നതാണത്. ``കാക്കിക്കുള്ളില്‍ പോലിസെങ്കില്‍ നിയമം ഞങ്ങള്‍ പാലിക്കും, കാക്കിക്കുള്ളില്‍ കാവിയെങ്കില്‍ നിയമം ഞങ്ങള്‍ക്കു പുല്ലാണ്'' എന്ന മുദ്രാവാക്യവും ഇക്കൂട്ടത്തില്‍പ്പെടുത്താം. കാവിക്ക് പകരം ചുവപ്പ്, പച്ച എന്നിങ്ങനെ നിറം മാറ്റിക്കൊടുക്കണമെന്നു മാത്രം. പറയാന്‍ വന്നത് പണത്തെപ്പറ്റിയായിരുന്നു. അതിനു മീതെ പരുന്ത് പോയിട്ട് കാന്തഹാറിലേക്കു `തീവ്രവാദികള്‍'ക്ക് അകമ്പടി പോയ ജസ്വന്ത് സിങിന്റെ വിമാനത്തിനു പോലും പറക്കാന്‍ ധൈര്യമില്ലാത്ത കാലത്ത് പ്രചാരണരംഗത്തു നാലു തുട്ടാണ് താരം. ആയതിനാല്‍ ജസ്വന്ത് സി ങോ മുലായം സിങോ തുടര്‍ന്നും പണം വിതരണം ചെയ്‌താല്‍ അതു പെരുമാറ്റദൂഷ്യമോ പെരുമാറ്റച്ചട്ടലംഘനമോ ആയിക്കണ്ട് ഇലക്‌ഷന്‍ കമ്മീഷന്‍ നോട്ടീസയക്കരുത്. ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കണമെന്ന് ബൈബിളിലുണ്ട്. യേശുവിലാണെന്റെ വിശ്വാസം, കീശയിലാണെന്റെ ആശ്വാസം എന്നാണ് ഈ തിരുവാക്യത്തെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്‌തത്. എന്നാല്‍, വരവില്‍ക്കവിഞ്ഞ സ്വത്ത് കാരണം അലമാര നിറഞ്ഞുകവിഞ്ഞ പണമെടുത്ത് നാട്ടിലെ പാവങ്ങള്‍ക്കു കൊടുക്കാന്‍ തയ്യാറായ മുലായത്തെപ്പോലുള്ളവരുടെ നല്ല മനസ്സ് കമ്മീഷന്‍ സാര്‍ (കമ്മിസാറെന്നു വായിക്കരുത്) കാണാതെ പോവരുത്. തിരഞ്ഞെടുപ്പ് സമയത്തു തന്നെ ഇതു വേണോ എന്നായിരിക്കും ചോദിക്കാന്‍ വരുന്നത്. കാറ്റുള്ളപ്പോഴല്ലേ മാഷേ തൂറ്റാനൊക്കൂ!
No comments:
Post a Comment