
കേരള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്ന് ആര്‍ക്കും തീര്‍ത്തുപറയാനാവില്ല. `മതമില്ലാത്ത ജീവനും' `നെഹ്റുവിന്റെ ഒസ്യത്തും' തിരുകിക്കയറ്റുക വഴി വിശ്വാസികളെ ഒന്നിരുത്താനും മിശ്രവിവാഹിതരോടു `വെല്‍ഡണ്‍, കണ്ടിന്യൂ' എന്നൊക്കെ പറഞ്ഞു പ്രോല്‍സാഹിപ്പിക്കാനും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നതു നേര്. ഭൂകമ്പവും വിലക്കയറ്റവുമെല്ലാം ഏതു മതക്കാരെയാണു കൂടുതല്‍ ബാധിക്കുക എന്ന ചോദ്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും ഏതു പൊട്ടനും തിരിയും. എം.എ. ബേബി താനൊരു രണ്ടാം മുണ്ടശ്ശേരിയോ ഒന്നാം മുണ്ടശ്ശേരിയോ അല്ല; അസ്സല് കമ്മ്യൂണിസ്റ്റാണന്നു തെളിയിക്കുകയാണിവിടെ.അതുകൊണ്ടൊക്കെത്തന്നെയാവണം, ശരാശരിമലയാളിയുടെ അടിസ്ഥാനപ്രശ്നങ്ങളിലൊന്നായി ഏഴാംക്ലാസ് പാഠപുസ്തകം മാറിയിട്ടുണ്ട്. സാധാരണക്കാരന്റെ വയറ്റില്‍ മുണ്ടിട്ടുമുറുക്കുന്ന വിലക്കയറ്റവും ഓര്‍ക്കാപ്പുറത്തേല്‍ക്കുന്ന ചെകിടത്തടിപോലെ കണ്ണില്‍ ഇരുട്ടുമായെത്തുന്ന ലോഡ്ഷെഡിങും ആരുടെയും ശ്രദ്ധയില്െപ്പടുന്നില്ല. ബസ്ചാര്‍ജ് എത്രകണ്ടു വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കം ബാക്കിയുള്ളൂ. ഇവിടെ എല്ലാവരും ഏഴാംക്ലാസ്സിലെ സാമൂഹ്യപാഠ പുസ്തകം വായിക്കുന്ന തിരക്കിലാണ്.കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുക എന്നതു പ്രാഥമികാവശ്യമായി കാണക്കാക്കുന്നതുകൊണ്ടാവണം അതെന്നു കരുതി സമാധാനിക്കാം. കുട്ടിയെ സ്വന്തം മതത്തില്‍ വളര്‍ത്തേണ്ട ബാധ്യതയുള്ള മാതാപിതാക്കള്‍ അന്‍വര്‍ റഷീദ്-ലക്ഷ്മിദേവി ദമ്പതികളെ അല്‍പ്പം രോഷത്തോടെയാവും കാണുക എന്ന കാര്യത്തില്‍ സംശയമില്ല. ഇവരുടെ മകന് ജീവനോടു ക്ലാസിലെ മറ്റുകുട്ടികള്‍ വിരോധം കാണിക്കുകയോ ഇരിക്കാന്‍ സ്ഥലം കൊടുക്കാതിരിക്കുകയോ ചെയ്യണമെന്നില്ല. കാരണം, അവന് ഇക്കാര്യത്തില്‍ നിരപരാധിയാണല്ലോ. അതുകൊണ്ട് ഈ ദമ്പതികളുടെ ജീവന്റെ ജീവനായ മകനെ ഈ സ്കൂളില്‍ പഠിപ്പിക്കേണ്ടെന്നു ബാക്കിയുള്ളവര്‍ പറഞ്ഞാല്‍, പാഠപുസ്തകത്തില്‍ എന്തെങ്കിലും അതുമായി ചെറിയൊരു അനുരഞ്ജനത്തിലെത്തേണ്ടിവരും. അപ്പോള്‍ തീര്‍ന്നല്ലോ പ്രശ്നം.പക്ഷേ, സമരവും കോലാഹലവുമൊക്കെയായി തുടങ്ങിയിരിക്കുന്ന എല്ലാ പ്രശ്നവും കണ്ണടച്ചങ്ങു വിശ്വസിക്കണ്ട. കുട്ടികളുടെ സന്തോഷമാണ് അവരുടെയും സന്തോഷമെന്നൊക്കെ പറഞ്ഞു സമര്‍ഥിക്കാന്‍ ഇക്കൂട്ടര്‍ക്കാവുമോ? ഹര്‍ത്താലുകളും പഠിപ്പുമുടക്കും വിദ്യാഭ്യാസബന്ദും നടത്തി അധ്യയന ദിവസങ്ങള്‍ ഇല്ലാതാക്കിയത് ഉദാഹരണം. ഈ തക്കത്തിനു സര്‍ക്കാര്‍ ഫീസുകള്‍ ഇരട്ടിയാക്കിയപ്പോള്‍ ലാത്തിയടികൊള്ളാനും പോലിസിന്റെ തലയെറിഞ്ഞു പൊട്ടിക്കാനും നിരാഹാരം കിടക്കാനും ഒരു ഈച്ചയെപ്പോലും കണ്ടതുമില്ല. ഒരു കാര്യത്തില്‍ ഭരണക്കാരും പ്രതിപക്ഷത്തുള്ളവരും നിസ്സംശയരാണ്. ഏഴാം ക്ലാസിലെ വിവാദപുസ്തകം അതു പഠിക്കേണ്ടവര്‍ മാത്രമല്ല, അവരുടെ അച്ഛനമ്മമാരും അളിയന്മാരും അമ്മായിയുടെ മക്കളുമൊക്കെ നല്ലോണം പഠിച്ചുകഴിഞ്ഞു. തീര്‍ന്നില്ല, ഇതു പാലിക്കാനായി ഒരു സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഈ പുസ്തകത്തിന്റെ കാര്യത്തില്‍ എവിടെ നില്‍ക്കണം എന്നറിയാതെ ചിലര്‍ മലക്കം മറിയുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ റിപോര്‍ട്ട്. വ്യക്തമായിപ്പറഞ്ഞാല്‍ ചന്ദ്രികയ്ക്കു വേണ്ടി വാദിക്കേണ്ടിവരുന്ന ഖദറിട്ട കമ്മ്യൂണിസ്റ്റുകാരന്റെ അവസ്ഥയാണവര്‍ക്ക്. അവരുടെ നിസ്സഹായതയിലേക്കു നോക്കി ഒരിറ്റു കണ്ണീര്.
1 comment:
കണ്ണു നീര് തുള്ളിയെ സ്ത്രീയോടുപമിച്ച
കാവ്യ ഭാവനേ....
Post a Comment