11/28/2008

മരിപ്പിക്കലിനെ സ്‌മരിപ്പിക്കുന്ന `ലൗ'കിക ചിന്താഗതികള്‍


പ്രണയവും മരണവും ഭീഷണിയും തമ്മില്‍ ബന്ധമുണ്ടോ? പ്രണയസാഫല്യത്തിനായി കമിതാക്കള്‍ വീട്ടുകാരോടു തങ്ങള്‍ മരിക്കുമെന്നു ഭീഷണിപ്പെടുത്തുന്നു എന്നതൊഴിച്ചാല്‍... ഈ ചോദ്യം പ്രസക്തമാവാന്‍ കാരണമുണ്ട്‌. കഴിഞ്ഞ കുറച്ചുകാലമായി വധ-ബോംബ്‌ ഭീഷണിയുമായി ലഭിക്കുന്ന പല ഇ-മെയിലുകളും ചെന്നെത്തുന്നതു ഫീമെയിലുകളുമായുള്ള ബന്ധങ്ങളിലാണ്‌.ഓര്‍മയില്ലേ അക്‌ബര്‍രാജിനെ? രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കൊല്ലുമെന്നു കൊല്ലം ഒന്ന്‌ മുമ്പു ഭീഷണിമുഴക്കിയ നിരാശാകാമുകനെ? ഇ-മെയില്‍ എത്തേണ്ടിടത്ത്‌ എത്തിയ മുറയ്‌ക്ക്‌ അതിലെ ഭീകരാംശം കണ്ടെത്താന്‍ മഷിയിട്ടുനോക്കിയ നിയമപാലകര്‍ക്കു യുവാവ്‌ മാനസികരോഗിയാണെന്ന കണ്‍ക്ലൂഷനില്‍ എത്തിച്ചേരേണ്ടിവന്നു. ഈ അടുത്ത ദിവസം സോണിയാജിയെ ശരിപ്പെടുത്തുമെന്ന ഇ-മെയിലയച്ച അരുണ്‍സൂര്യക്കു പോലിസ്‌ ഉടന്‍ തന്നെ ഒരു സ്വഭാവ സര്‍ട്ടിഫിക്കറ്റുണ്ടാക്കി `ഗുഡ്‌' എന്നെഴുതിക്കൊടുത്തു. പ്രണയം പാളീസാവുമ്പോള്‍ പെണ്‍കുട്ടിക്കോ അച്ഛനോ ആങ്ങളമാര്‍ക്കോ ഭീഷണി അയച്ചുകൂടേ, പാവം പ്രതിഭാ പാട്ടീലിനെയും പച്ചപ്പാവം മന്‍മോഹന്‍സിങിനെയും എന്തിനു ബേജാറാക്കണം എന്നു ചോദിക്കാന്‍ എളുപ്പമുണ്ട്‌. ഇവര്‍ക്കൊക്കെ ഇതയച്ചാലല്ലേ തന്റെ സങ്കടങ്ങള്‍ നാലാളറിയൂ.പാലക്കാട്ടെ ഒരു പാസ്റ്ററുടെ ഭീഷണിക്കഥയില്‍ അല്‍പ്പം എരിവും പുളിയുമുണ്ട്‌. കുരിശിന്റെ വഴിവിട്ടു പ്രണയസാഫല്യത്തിന്റെ മാര്‍ഗത്തിലേക്കു സഞ്ചരിച്ച ഇയാള്‍ക്കു കൂട്ടായി കര്‍ത്താവിനെയും ഭര്‍ത്താവിനെയും മറന്ന്‌ ഒരു വീട്ടമ്മ എത്തി. തന്നെപ്പോലെ അയല്‍ക്കാരനെയും സ്‌നേഹിച്ചുവന്ന പാസ്റ്റര്‍ക്ക്‌ അന്യന്റെ മുതല്‍ ആഗ്രഹിക്കാന്‍ പാടില്ല എന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. പക്ഷേ, സ്വന്തം സുഹൃത്തിനെ ഒരിക്കലും അന്യനായി കാണാനാവില്ലല്ലോ. അതുകൊണ്ട്‌ തിരുവല്ലക്കാരനായ സുഹൃത്തിന്റെ ഭാര്യയുമായി പാസ്റ്റര്‍ ഉത്തര്‍പ്രദേശിലേക്ക്‌ ഒളിച്ചോടാന്‍ തീരുമാനിച്ചു.രണ്ടുവീതം കുട്ടികളുടെ മാതാപിതാക്കളായ രണ്ടുപേര്‍ക്കും എറണാകുളത്തെത്തിയപ്പോള്‍ വണ്ടി മിസ്സായി. ബോംബ്‌ ഭീഷണി മുഴക്കിയാല്‍ അടുത്ത സ്റ്റേഷനില്‍ വണ്ടി കുറേനേരം നിര്‍ത്തുമെന്നും അപ്പോള്‍ കയറിക്കൂടാമെന്നുമുള്ള അതിബുദ്ധിയാണ്‌ കാര്യങ്ങള്‍ കൈവിട്ടുപോവാന്‍ കാരണമാക്കിയത്‌.സര്‍ക്കാരിനോട്‌ ഒരഭ്യര്‍ഥനയുണ്ട്‌. 2011ല്‍ സെന്‍സസ്‌ എടുക്കുമ്പോള്‍ പ്രണയിക്കുന്നവരുടെ കണക്കുകൂടി എടുക്കാനുള്ള സെന്‍സ്‌ കാണിക്കണം. എങ്കില്‍ ഇനിയങ്ങോട്ട്‌ ആര്‍ക്കെങ്കിലും വധഭീഷണി വന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവും. ദിവസങ്ങളോളം പിറകെ നടന്നു വളച്ചെടുത്ത പെണ്ണ്‌ ഒരു പ്രഭാതത്തില്‍ കൈയൊഴിക്കുമ്പോഴുള്ള സങ്കടം കാണാന്‍ ഇവിടെ മാറിമാറി ഭരിച്ച മുന്നണികള്‍ ശ്രമിച്ചിട്ടുണ്ടോ?

1 comment:

Anonymous said...

You write about the UP man who impregnated his daughter in law, and claime that he had approval of his religion.That might be better explained by you.